
അഗര്‍ത്തല: തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ പശുവളര്‍ത്തല്‍ തെരഞ്ഞെടുക്കണമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ത്രിപുരയില്‍ ക്ഷരവിപ്ലവം സൃഷ്ടിക്കാനുള്ള നടപടിയുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. സംസ്ഥാനത്ത് അയ്യായിരം കുടുംബങ്ങള്‍ക്കായി പതിനായിരം പശുക്കളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറു മാസം കൊണ്ട് അവര്‍ക്ക് വരുമാനം ലഭിച്ചുതുടങ്ങും. ഇത്രയും ചെറിയ മുതല്മുടക്കല് ആറുമാസം കൊണ്ട് വരുമാനം ലഭിക്കുന്ന ഏതു വ്യവസായമാണുള്ളതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.
നാടിന്റെ പോഷകാഹാരകുറവ് പരിഹരിക്കാന്‍ പശുവളര്‍ത്തല്‍ മാത്രമാണ് പരിഹാരം. വീട്ടിലെ ആവശ്യത്തിനുള്ള പാല് ലഭിക്കാന്‍ തന്റെ ഔദ്യോഗിക വസതിയിലും പശുക്കളെ വളര്‍ത്തും. ത്രിപുരയിലെ ജനങ്ങള്‍ക്ക് പ്രചോദനമാകുന്നതിനും കൂടിയാണ് താന്‍ പശുക്കളെ വളര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. അഗര്‍ത്തലയില്‍ നടന്ന ചിന്തന്‍ ശിബിറിന്റെ സമാപനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
പതിനായിരം കോടി രൂപ മുടക്കി വന്‍കിട വ്യവസായങ്ങള്‍ വരുന്നതിനെ താന്‍ എതിര്‍ക്കുകയല്ല. അവര്‍ക്ക് 2,000 പേര്‍ക്ക് തൊഴില്‍ നല്കാന് കഴിഞ്ഞേക്കും. എന്നാല്‍ അതിന് എത്രനാള്‍ പിടിക്കും. പശുക്കളെ വളര്‍ത്തിയാല്‍ ആറുമാസത്തിനകം വരുമാനം ലഭിക്കും. വ്യവസായങ്ങള്‍ക്ക് ആറു മാസംകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ എങ്കിലും പൂര്‍ത്തിയാക്കാന്‍ പറ്റുമോ?.
മുന്‍പ് ബിപ്ലബ് ദേബ് നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു?. ബിരുദം നേടിയ ശേഷം സര്‍ക്കാര്‍ ജോലിക്ക് വേണ്ടി യുവാക്കള്‍ രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കാതെ പശുവിനെ വളര്‍ത്തി ജീവിക്കാന്‍ നോക്കണം. ഒരു ലിറ്റര്‍ പാല്വിറ്റാല് 50 രൂപ ലഭിക്കും. 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ സമ്പാദിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അതിനുകഴിയില്ലെങ്കില്‍ പാന്‍ ഷോപ്പുകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നടിയും മോഡലുമായ ഡയനാ ഹെയ്ഡനെകുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.







Comments