കേരളാ ബ്ലാസ്റ്റേഴ്സ് മുന്‍നിരതാരം സി.കെ.വിനീത് ആരാധകരെ തള്ളിപ്പറഞ്ഞുവെന്ന ആരോപണത്തില്‍ വിനീതിന് പിന്തുണയുമായി സഹതാരം അനസ് എടത്തൊടിക. ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല വിനീത് എന്ന് അനസ് പറഞ്ഞു.
ദേശീയ മാധ്യമത്തില്‍ വിനിതിന്റെ അഭിമുഖം എന്ന പേരില്‍ വന്ന റിപ്പോര്‍ട്ടിന് പിന്നാലെ ആരാധകര്‍ വിനീതിനെതിരെ തിരിയുകയായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളല്ലാ അത് എന്നും, ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലാ എന്നുമായിരുന്നു വിനീതിന്റെ പ്രതികരണം. പറയാനുള്ള കാര്യങ്ങള്‍ വിനീത് വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടര്‍ എന്തുകൊണ്ടാണ് ്അങ്ങനെ എഴുതിയതെന്ന് മനസ്സിലാകുന്നില്ലെന്നും അനസ് പറഞ്ഞു.
മോശം സമയങ്ങളില്‍ ടീമിനൊപ്പം നില്ക്കാത്തവര് നല്ല ആരാധകരല്ല എന്ന് വിനീത് പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ബംഗളൂരുവിനെതിരെ കൊച്ചിയില്‍ നടന്ന കളിക്ക് പിന്നാലെ വിനീതിന്റേതെന്ന പേരില്‍ വന്ന പ്രതികരണം ആരാധകരെ പ്രകോപിപ്പിച്ചു. ആരാധകര്‍ വിനീതിനെതിരെ തിരിഞ്ഞതോടെ താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.






