
വിമാന കമ്പനിയായ ‘ഇൻഡിഗൊ’യ്ക്ക് ഇനി വിമാന ടയറുകൾ ലഭ്യമാക്കുക ഫ്രഞ്ച് നിർമാതാക്കളായ മിഷെലിൻ. ഇനി ‘ഇൻഡിഗൊ’ വിമാനങ്ങളിൽ ഇന്ധനക്ഷമതയേറിയതെന്ന് കമ്പനി അവകാശപ്പെടുന്ന ‘മിഷെലിൻ എയർ എക്സ്’ ടയറുകളാവും ഉപയോഗിക്കുക എന്നാണ് സൂചന. ‘ഇൻഡിഗൊ’യുടെ എയർബസ്, എ ടി ആർ വിമാനങ്ങൾക്കു ദീർഘകാലാടിസ്ഥാനത്തിൽ ടയർ വിതരണം ചെയ്യാനുള്ള കരാറാണു മിഷെലിൻ നേടിയത്.
‘എയർ എക്സ്’ വിമാന ടയറുകൾക്ക് നിരവധി സവിശേഷതകളാണ് ഉള്ളത്. അധിക ഇന്ധനക്ഷമതയും കൂടുതൽ തവണ ലാൻഡ് ചെയ്യാമെന്നതും ബാഹ്യഘടകങ്ങൾ മൂലം തകരാറേൽക്കാനുള്ള സാധ്യത കുറവാണെന്നതുമൊക്കെയാണ് ‘എയർ എക്സ്’ വിമാന ടയറിന്റെ സവിശേഷതകൾ എന്നാണ് മിഷെലിൻ പറയുന്നത്. ഈ ടയർ ഉപയോഗിക്കുന്നത് കാർബൺ ഡയോക്സൈഡ് മലിനീകരണം കുറയ്ക്കുമെന്നും കമ്പനി വിലയിരുത്തുന്നു.വ്യക്തമാക്കി.
എയർബസിന്റെ ‘എ 320 നിയോ’ വിമാനത്തിന്റെ യഥാർഥ ടയർദാതാക്കളും മിഷെലിൻ തന്നെയാണ്. 12 എ ടി ആർ അടക്കം മൊത്തം 195 ‘എയർബസ് എ 320’ വിമാനങ്ങളാണു നിലവിൽ ‘ഇൻഡിഗൊ’യ്ക്കുള്ളത്.






