
ലക്നൗ: അപമാനിക്കാന്‍ നീക്കം നടത്തിയതിന് പരാതി നല്കാന് പോകുമ്പോള്‍ യുവതിയെ മണ്ണെണ്ണയൊഴിച്ച് അക്രമികള്‍ തീ കൊളുത്തി. യുവതിയുടെ സഹോദരങ്ങളാണ് അക്രമികള്‍. 60 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ തുടര്‍ച്ചയായി രണ്ടു ദിവസം യുവതി പോലീസില്‍ പരാതി നല്കാന് എത്തിയെങ്കിലും പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ല. മൂന്നാം ദിവസം വീണ്ടും പരാതി നല്കാന് പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പോലീസുകാരെ സസ്പെന്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ സിത്താര്പൂരില് നടന്ന സംഭവത്തില്‍ 28 കാരിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതി രേഖപ്പെടുത്താന്‍ കൂട്ടാക്കാതിരുന്ന ടാംബൂര്‍ സ്റ്റേഷനിലെ ഓഫീസര്‍ ഓം പ്രകാശ സരോജിനെയും ഹെഡ് കോണ്‍സ്റ്റബിള്‍ ചെഡിലാലിനെയും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ലോക്കല്‍ പോലീസ് ഔട്ട്പോസ്റ്റ് ചാര്‍ജ്ജുള്ള മനോജ്കുമാറിനെതിരേയും അന്വേഷണം നടന്നു വരികയാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി.
നവംബര്‍ 29 ന് തൊട്ടടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ അക്രമികള്‍ രണ്ടു പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ പിന്നാലെ നടന്നു കമന്റടിച്ച ശേഷമാണ് ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി അക്രമികളുടെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെടുകയും ടാംബോര്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് സഹായം തേടുകയും ചെയ്തു. എന്നാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ഇത് ഗൗരവമായി എടുത്തില്ല എന്ന് മാത്രമല്ല പരാതി സ്വീകരിക്കാനോ റജിസ്റ്റര്‍ ചെയ്യാനോ കൂട്ടാക്കാതെ തിരിച്ചയയ്ക്കുകയും ചെയ്തു.
പിന്നീട് യുവതി ബന്ധുവീട്ടിലെത്തിയും ഇക്കാര്യം പറയുകയും നവംബര്‍ 30 ന് ബന്ധുക്കള്‍ ''യുപി100'' ല്‍ വിളിക്കുകയും ചെയ്തു. പോലീസ് സംഘം ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും ടാംബോര്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടത് എന്ന് പറഞ്ഞ് പരാതി നല്‍കാതെ കുടുംബത്തെ അവഗണിക്കുകയും ചെയ്തു. ഡിസംബര്‍ 1 ന് യുവതി വീണ്ടും ടാംബോര്‍ സ്റ്റേഷനിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകുമ്പോള്‍ കുരൈയ പ്രദേശത്തെ കരിമ്പുതോട്ടത്തിന് സമീപത്ത് വെച്ച് യുവതിയെ അക്രമികള്‍ പിടികൂടുകയും മണ്ണെണ്ണ ഒഴിച്ചു തീ വെയ്ക്കുകയും ചെയ്തു.
തീപിടിച്ച് യുവതിയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് റെക്കോഡ് ചെയ്തിട്ടുണ്ട്. കുറ്റവാളികളുടെ പേരും സംഭവം എങ്ങിനെയാണ് നടന്നതെന്നും പ്രദേശത്തെ പോലീസുകാരുടെ നിരുത്തരവാദിത്വവും മൊഴിയില്‍ നല്‍കിയിട്ടുണ്ട്. ലൈംഗിക പീഡനം, കൊലപാതക ശ്രമം, പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെയുള്ള കയ്യേറ്റം എന്നീ കുറ്റങ്ങളെല്ലാം ചുമത്തിയിട്ടുണ്ട്.






