കോഴിക്കോട്: ശബരിമല സംഘര്‍ഷത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ പരിപാടിയില്‍ മുഖ്യപ്രാസംഗികനായി കോണ്‍ഗ്രസ് നേതാവ്. കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എം നിയാസാണ് മുഖ്യപ്രാസംഗികനായത്.
ഒരു കേസല്ല ഒരായിരം കേസ് ഒരു നിരപരാധിയുടെ പേരില്‍ കെട്ടിവച്ചാല്‍ പോലും അതിന്റെ പേരില്‍ കെ. സുരേന്ദ്രനെ എന്നന്നേക്കുമായി കാരാഗൃഹത്തില്‍ അടയ്ക്കാമെന്ന് ഏത് വിവരംകെട്ട മുഖ്യമന്ത്രി വിചാരിച്ചാലും അത് കേരളത്തില്‍ നടപ്പിലാവില്ല-പി.എം നിയാസ് പറഞ്ഞു.
ശബരിമലയില്‍ 52കാരിയായ ഭക്തയെ ആക്രമിച്ച കേസ് അടക്കം 15ഓളം കേസുകളില്‍ പ്രതിയായാണ് സുരേന്ദ്രന് അറസ്റ്റിലായത്. ഇതില്‍ 8 കേസുകള്‍ 2016ന് മുന്‍ രജിസ്റ്റര്‍ ചെയ്തവയാണ്. നിയമനടപടികള്‍ക്ക് വിധേയനാകാതെയും കോടതികളില്‍ ഹാജരാകാതെയും നടന്ന സുരേന്ദ്രനെതിരെ വിവിധ കേസുകളില്‍ വാറണ്ട് നിലവിലുണ്ടായിരുന്നു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ മുന്‍കാല കേസുകളിലും നടപടി സ്വീകരിക്കുകയായിരുന്നു.






