
ന്യൂഡല്‍ഹി : ബ്രോയിലര്‍ കോഴികള്‍ അതിവേഗത്തില്‍ വളരാന്‍ വന്‍ തോതില്‍ ഉപയോഗിച്ചു വരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും. കോഴികളില്‍ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നത് കോഴിയിറച്ചി ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്.
ആന്റിബയോട്ടിക് കുത്തിവെച്ച കോഴിയുടെ ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന മക്ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെ.എഫ്.സി എന്നീ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.






