
ലോകത്തിൽ ഏറ്റവും വിലയുള്ളതും ആഡംബര സ്പോര്‍ട്സ് യൂട്ടിലിറ്റി കാറുകളിലെ രാജാവായ ബെന്റ്ലി ബെന്റെയ്ഗയില്‍ ആദ്യ യാത്ര നടത്തി നടൻ സുരാജ് വെഞ്ഞാറമൂട്. ദുബായ് റജിസ്ട്രേഷനിലുള്ള ബെന്റെയ്ഗ ടെസ്റ്റ് ഡ്രൈവുചെയ്യുന്ന വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലാണ് സുരാജ് അപ്ലോഡ് ചെയ്തത്. ഇന്ത്യയില്‍ ഏകദേശം 5 കോടി രൂപയോളം വില വരും ഈ വാഹനത്തിന്. ആദ്യമായിട്ടാണ് ബെന്റെയ്ഗ ഡ്രൈവുചെയ്യാൻ പോകുന്നത് എന്നു പറഞ്ഞാണ് താരം ഫെയ്സ്ബുക്കിലൂടെ വിഡിയോ പങ്കുവെച്ചത്.
ബെന്റ്ലിയുടെ ആദ്യ എസ്.യു.വി മോഡലായ ബെന്റെയ്ഗ ലോകത്തെ ഏറ്റവും വേഗത കൂടിയ എസ്.യു.വി കൂടിയാണ്. വാഹനത്തിന്റെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയിയിരുന്നു. രണ്ട് എൻജിൻ വകഭേദങ്ങളിലാണ് ബെന്റെയ്ഗ വിപണിയിലുള്ളത്. ബെന്റെയ്ഗ മള്ളിനര്, ബെന്റെയ്ഗ, ബെന്റെയ്ഗ വി8, ബെന്റെയ്ഗ ഡീസല്‍, ബെന്റെയ്ഗ ഹൈബ്രിഡ് എന്നീ അഞ്ച് വേരിയന്റുകള്‍ ബെന്റെയ്ഗക്കുണ്ട്.
എസ്യുവിയുടെ പരമാവധി വേഗം 290 കി.മീയാണ്. ബെന്റെയ്ഗ ഇന്ത്യൻ വില ഏകദേശം 4 കോടി രൂപമുതൽ 5.5 കോടി രൂപ വരെയാണ്. 6 ലീറ്റർ W 12 സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 5000 ആർപിഎമ്മിൽ 600 ബിഎച്ച്പി കരുത്തും 1350 ആർപിഎമ്മിൽ 900 എൻഎം ടോർക്കുമുണ്ട്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എസ്യുവിയുടെ പരമാവധി വേഗം 310 കി.മീയാണ്. 4 ലീറ്റർ വി8 ട്വിൻ ടർബോ ചാർജിഡ് എൻജിന് 542 ബിഎച്ച്പി 770 എൻഎം ടോർക്കുമുണ്ട്. ഇതിന് 4.4 സെക്കൻഡ് മാത്രം മതി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ.






