
ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ കാഴ്ച്ചവെച്ച ആദ്യ ഇന്ത്യന്‍ കാര്‍ ഇനി ടാറ്റ നെക്സോണ്‍. മുതിര്‍ന്ന യാത്രക്കാര്‍ക്ക് അഞ്ചു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും ഏറ്റവുമൊടുവില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ നെക്സോണ്‍ തെളിയിച്ചു.
നെക്സോണിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. നേരത്തെ ഓഗസ്റ്റില്‍ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ തിളക്കം നെക്സോണ്‍ എസ്യുവി കൈയ്യടക്കിയിരുന്നു. എല്ലാ വകഭേദങ്ങളിലും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം ലഭ്യമാണ്. UN95 ചട്ടങ്ങള്‍ പ്രകാരം സുരക്ഷ വിലയിരുത്തുന്നതിനായി പ്രത്യേക സൈഡ് ഇംപാക്ട് ടെസ്റ്റിനും ഇത്തവണ നെക്സോണ്‍ വിധേയമായെന്നാണ് സൂചന.
നെക്സോണിന് മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലുള്ള ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ഇംപാക്ട് ടെസ്റ്റില്‍ വലിയ തോതിലുള്ള ആഘാതം പ്രതിരോധിക്കാനായി. പതിനേഴില്‍ 16.06 പോയിന്റുകളാണ് മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയില്‍ നെക്സോണിന് ലഭിച്ചത്. മുമ്പ് നടന്ന ക്രാഷ് ടെസ്റ്റില്‍ 13.56 പോയിന്റുകള്‍ നെക്സോണ്‍ നേടിയിരുന്നു. ISOFI ചൈല്‍ഡ് റെസ്ട്രെയിന്റ് സംവിധാനമുള്ള (CRS) കാറാണ് നെക്സോണ്‍. പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ഇരട്ട എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം നെക്സോണില്‍ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളാണ്.






