
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)ത്തോടെ ഡ്യൂക്ക് 250 വിപണിയിൽ എത്തിക്കാൻ പോകുന്നു. കെ ടി എം 250 ഡ്യൂക്ക് എ ബി എസ് അടുത്ത മാസത്തോടെ വിൽപ്പനയ്ക്കെത്തുമെന്നാണു റിപ്പോർട്ട്.
കെ ടി എം ഇതുവരെ ഡ്യൂക്ക് 125, ഡ്യൂക്ക് 200 മോഡലുകളിൽ ആന്റി ലോക്ക് ബ്രേക്ക് ഘടിപ്പിച്ചിരുന്നു. അതേസമയം, ഈ ബൈക്കുകളിലെ സിംഗിൾ ചാനൽ എ ബി എസിനു പകരം ‘ഡ്യൂക്ക് 390’ പോലെ ഇരട്ട ചാനൽ എ ബി എസാണത്രെ കെ ടി എം ‘ഡ്യൂക്ക് 250’ ബൈക്കിന്.
ഡ്യുവൽ ചാനൽ എ ബി എസ് എത്തുന്നതോടെ ‘250 ഡ്യൂക്കി’ന്റെ വിലയിൽ 10,000 — 13,000 രൂപയുടെ വർധനവാണു പ്രതീക്ഷിക്കുന്നത്. നിലവിൽ എ ബി എസില്ലാത്ത ‘കെ ടി എം 250 ഡ്യൂക്കി’നു 1.81 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിലെ വില. എ ബി എസിന്റെ വരവിനപ്പുറമുള്ള മാറ്റമൊന്നും ‘250 ഡ്യൂക്കി’ൽ പ്രതീക്ഷിക്കേണ്ടതില്ല.
അടുത്ത മാസത്തോടെ കെ ടി എം ആർ സി 200 ബൈക്കും കമ്പനി പരിഷ്കരിക്കുന്നുണ്ട്. ഈ മോഡലിൽ സിംഗിൾ ചാനൽ എ ബി എസാവും ഒരുങ്ങുക. 249 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് ഡ്യൂക്ക് 250’ ബൈക്കിന്. സ്ലിപ്പർ ക്ലച്ച് സഹിതമെത്തുന്ന ബൈക്കിന്റെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഗീയർബോക്സാണ്.






