
ആന്ധ്രപ്രദേശ് പോലീസ് ഇനി യാത്ര ചെയ്യുന്നത് മഹീന്ദ്രയുടെ എസ്യുവി മോഡലായ ടിയുവി-300-ൽ. 242 ടിയുവി 300 ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഫ്ലാഗ് ഓഫ് ചെയ്തു.
പോലീസ് ബീക്കണ്‍ ലൈറ്റുകളും ആന്ധ്രപ്രദേശ് പോലീസ് ലോഗോയും പതിച്ചാണ് 242 വാഹനങ്ങളും നിരത്തിലെത്തിച്ച് നല്‍കിയത്. പ്രധാനമായും പട്രോളിങ് ഡ്യൂട്ടിക്കായാണ് ടിയുവി 300 നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പോലീസ് സേനയിലേക്ക് ഈ വാഹനം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം വാഹനത്തിന്റെ മികച്ച പ്രകടനവും ഇതിനുള്ളിലെ സ്പേസുമാണ്. കേരളം, മുംബൈ, രാജസ്ഥാന്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും മഹീന്ദ്രയുടെ ടിയുവി 300 പോലീസ് വാഹനമായി ഉപയോഗിക്കുന്നുണ്ട്.
മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് നല്കുന്ന ഈ വാഹനം ഓഫ് റോഡുകള്‍ക്കും ഇണങ്ങുന്നതാണ്. മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക് എന്‍ജിനാണ് ടിയുവി 300-ന് കരുത്ത് പകരുന്നത്.
1493 സിസി ഓയില്‍ ബര്‍ണര്‍ എന്ജിന് 100 എച്ച്പി പവറും 240 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സബ് കോപാക്ട് എസ്യുവി വിഭാഗത്തിൽ ആദ്യമായി എഎംടി ഗീയർബോക്സ് ലഭ്യമാക്കുന്നു എന്ന സവിശേഷതയും ടിയുവി 300 നുണ്ട്.






