
സിഡ്നി: ഇന്ത്യ- ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസീസ് 300 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെടുത്തു. തുടര്‍ന്ന് വെളിച്ചക്കുറവ് മൂലം നാലാം ദിനം ചായയ്ക്കു ശേഷം മത്സരം നേരത്തെ അവസാനിപ്പിച്ചു. നാലു റണ്‍സുമായി ഉസ്മാന് ഖ്വാജയും രണ്ടു റണ്‍സുമായി മാര്‍ക്കസ് ഹാരിസുമാണ് ക്രീസില്‍.
നാലാം ദിനം മഴമൂലം വൈകിയാണ് കളി തുടങ്ങിയത്. മൂന്നാം ദിനം ആറിന് 236 റണ്‍സെന്ന നിലയില്‍ നിന്ന് ഓസീസ് 300 ന് അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 316 റണ്‍സ് പിന്നിലാണ് ഓസീസ്. പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 25), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(111 പന്തില്‍ 37), നാഥന് ലിയോണ്‍(പൂജ്യം), ജോഷ് ഹെയ്സല്‍വുഡ്(45 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 29 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ജസ്പ്രീത് ബുംമ്ര ഒരു വിക്കറ്റും വീഴ്ത്തി. 30 വര്‍ഷങ്ങള്‍ ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസറ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും വിരാട് കോഹ്ലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ചേതേശ്വര്‍ പുജാരയുടെയും ഋഷഭ് പന്തിന്റെയും സെഞ്ചുറി മികവില്‍ ഇന്ത്യ 622 ര്ണസിന് ഡിക്ലയര്‍ ചെയ്തിരുന്നു.






