
വർഷങ്ങൾക്ക് മുന്നേ T6X മോഡലിന്റെ ആദ്യരൂപം അവതരിപ്പിച്ചെങ്കിലും മോഡൽ ഇതുവരെ നിരത്തിലെത്തിയിരുന്നില്ല. പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടോര്‍ക്ക് മോട്ടോഴ്സിന്റെ ആദ്യ പെര്‍ഫോമെന്‍സ് ഇ-ബൈക്കാണ് T6X. പുതിയ റിപ്പോർട്ട് പ്രകാരം T6X വൈകാതെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്. ബൈക്കിന്റെ പരീക്ഷണ ഓട്ട ചിത്രങ്ങള്‍ പുറത്തുവന്നു.
ഇതാദ്യമായാണ് T6X-ന്റെ പരീക്ഷണ ഓട്ടം ക്യാമറക്കണ്ണില്‍ പതിയുന്നത്. ബോഡി പൂര്‍ണമായും മൂടികെട്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ചിത്രങ്ങള്‍ പ്രകാരം ട്രെല്ലീസ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. ഒറ്റചാര്‍ജില്‍ 100 കിലോമീറ്ററോളം ദൂരം പിന്നിടാനും സാധിക്കും.
ജിപിഎസ് കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് ടിഎഫ്ടി സ്ക്രീന്‍ T6X-നെ സ്മാര്‍ട്ടാക്കും. 6kW ഇലക്ട്രിക് മോട്ടോറാണ് ഇതിലുണ്ടാവുക. കമ്പനി നേരത്തെ വ്യക്തമാക്കിയ വിവരങ്ങള്‍ പ്രകാരം 27 എന്‍എം ടോര്‍ക്കേകുന്ന T6X-ന് മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത. T6X-ന് 1.25 ലക്ഷം രൂപ വിലയെന്നാണ് റിപ്പോർട്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. ഈ വര്‍ഷം അവാസനത്തോടെ T6X വിപണിയിലെത്തുമെന്നാണ് സൂചന.






