
മരക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. നായികയായ മഞ്ജു വാര്യരുടെ ചെറുപ്പകാലത്തെ അവതരിപ്പിക്കുന്നത് പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണെന്നാണ് സൂചന.
പ്രണവും കളിക്കൂട്ടുകാരിയായ കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മരക്കാറിനുണ്ട്. ചിത്രത്തിലെ ഇരുവരും നൃത്തം ചെയ്യുന്ന പുതിയ സ്റ്റില്ലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സിനിമ തുടങ്ങുന്നതു തന്നെ പ്രണവിലൂടെയാണെന്നാണു സൂചന. കല്യാണിയുടെ ആദ്യ മലയാള സിനിമയാണിത്. തെലുങ്കിലെ മുന്‍നിര നായികമാരില്‍ ഒരാളാണു കല്യാണി.
കല്യാണിയെ കൂടാതെ സഹോദരന് സിദ്ധാര്‍ത്ഥും 'മരക്കാറി'ല്‍ അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നും വിഷ്വല്‍ ഇഫക്റ്റ് കോഴ്സ് പൂര്‍ത്തിയാക്കി അച്ഛന്റെ ചിത്രത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് സിദ്ധാര്‍ഥ്. നിര്‍മാതാവ് സുരേഷ്കുമാറിന്റെയും നടി മേനകയുടെയും മകള്‍ കീര്‍ത്തി സുരേഷും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അര്ജുന്, പ്രഭു, സുനില്‍ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.






