
ഷവോമി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലായ റെഡ്മി നോട്ട് 7നെ ചൈനയിൽ പുറത്തിറക്കി. 3ജിബി/4ജിബി/6ജിബി റാം ശേഷിയുള്ള മൂന്നു വേരിയന്റുകളാണ് ഫോണിനുള്ളത്. ട്വലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.
ജനുവരി 15 മുതലാണ് റെഡ്മി നോട്ട് 7ന്റെ വില്‍പ്പന ആരംഭിക്കുക. 3ജി.ബി റാം വേരിയന്റിന് 10,380 രൂപയും 4ജി.ബി റാം വേരിയന്റിന് 12,459 രൂപയും 6ജി.ബി റാം വേരിയന്റിന് 14,537 രൂപയുമാണ് വില എന്നാണ് സൂചന.
നിലവില്‍ ചൈനയില്‍ പുറത്തിറങ്ങുന്ന ഈ മോഡല്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം. 6.3 ഇഞ്ച് എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്.
1080X2340 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. 19:5:9 ആസ്പെക്ട് റേഷ്യോയും 450 നിറ്റ്സ് ബ്രൈറ്റ്നസ് ഡിസ്പ്ലേയുടെ പ്രത്യേകതയാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും ഡിസ്പ്ലേയ്ക്ക് ലഭിക്കും.
32/64 ജി.ബി ഇന്റേണല്‍ മെമ്മറിയാണുള്ളത്. ആവശ്യാനുസരണം 256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യവുമുണ്ട്. വാട്ടര്‍ നോച്ച് ഡിസ്പ്ലേയോടു കൂടിയുള്ള ആദ്യ നോട്ട് ഫോണ്‍ എന്ന പ്രത്യേകതയും റെഡ്നി നോട്ട് 7 ന് സ്വന്തമാണ്. ഇരട്ട പിന് ക്യാമറയാണ് ഫോണിലുള്ളത്. പിന്നിലത്തെ മുഖ്യ സെന്‍സര്‍ 48 മെഗാപിക്സലിന്റേതും രണ്ടാമത്തേത് 5 മെഗാപിക്സലിന്റേതുമാണ്.
13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിൽ. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 4,000 മില്ലി ആംപയറിന്റെ കരുത്തന് ബാറ്ററിയും ഉണ്ട്.






