
മാരുതി സുസുകി ബലേനോ ഫേസ്ലിഫ്റ്റിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. നെക്സ ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ നല്കി പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. എന്നാൽ, ബലേനോ ഫേസ്ലിഫ്റ്റിന്റെ ടീസര്‍ ചിത്രം മാരുതി സുസുകി പുറത്തുവിട്ടു. ഈ മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
പുതിയ ഫ്രണ്ട് ബംപര്‍, പുതിയ ഗ്രില്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍ എന്നിവ പുതിയ ബലേനോയുടെ ഭംഗി വര്‍ധിപ്പിക്കും. കാറിനകത്ത് ഡാഷ്ബോര്‍ഡിലും സീറ്റ് ഫാബ്രിക്കിലും ചെറിയ മാറ്റങ്ങള്‍ കാണും. 2016ലാണ് ബലേനോ ആദ്യമായി വിപണിയില്‍ എത്തുന്നത്. എന്‍ജിനുകളില്‍ മാറ്റമുണ്ടായിരിക്കില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്ജിന് ഓപ്ഷനുകള്‍. ഒരു പെട്രോള്‍-സിവിടി വേരിയന്റ് തുടര്‍ന്നേക്കും. ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റ് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
മുന്‍സീറ്റ് യാത്രക്കാരന് സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് വാണിംഗ്, എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, എബിഎസ്, ഇബിഡി എന്നിവ നിലവില്‍ നല്‍കിവരുന്നുണ്ട്.






