
സുസുകി ആക്സസ് 125 ഡ്രം ബ്രേക്ക് വേരിയന്റില്‍ സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) നല്കി. പുതിയ വേരിയന്റിന് ഡെല്‍ഹി എക്സ് ഷോറൂം വില 56,667 രൂപയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ 125 ക്യൂബിക് സെന്റീമീറ്ററില്‍ താഴെ എന്ജിന് ഡിസ്പ്ലേസ്മെന്റുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും സിബിഎസ് എന്ന സുരക്ഷാ ഫീച്ചര്‍ നിര്‍ബന്ധമാണ്.
സിബിഎസ് ഇല്ലാത്ത വേരിയന്റിനേക്കാള്‍ 690 രൂപ കൂടുതലാണ് പുതിയ വേരിയന്റിന്. എന്നാൽ, നോണ്‍ സിബിഎസ് ഡ്രം ബ്രേക്ക് വേരിയന്റിന് 55,977 രൂപയാണ് എക്സ് ഷോറൂം വില. ഈ വേരിയന്റ് സ്റ്റോക്ക് തീരുന്നതുവരെ വില്‍ക്കുമെന്നാണ് സൂചന. 59,636 രൂപയാണ് സിബിഎസ്-ഡിസ്ക് ബ്രേക്ക് എന്ന ടോപ് വേരിയന്റിന് ഡെല്‍ഹി എക്സ് ഷോറൂം വില.
സ്കൂട്ടറില്‍ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലെ അതേ 125 സിസി മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 8.5 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിവിടി എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്പെന്ഷന് ജോലി നിര്‍വ്വഹിക്കും.
ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച 125 സിസി സ്കൂട്ടറുകളിലൊന്നാണ് സുസുകി ആക്സസ് 125. 101 കിലോഗ്രാം മാത്രമാണ് സ്കൂട്ടറിന്റെ കെര്‍ബ് വെയ്റ്റ്. ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടറുകളിലൊന്ന്.






