
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ ശബരിമലക്കേസിന്റെ വാദത്തില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍നിലപാടിന് വിരുദ്ധമായ നിലപാട് ബോര്‍ഡിന്റെ അഭിഭാഷകര്‍ സ്വീകരിച്ചതില്‍ അസംതൃപ്തനായ ബോര്‍ഡ് പ്രസിഡണ്ട് എ പദ്മകുമാര്‍ തല്‍സ്ഥാനം രാജിവെക്കാനൊരുങ്ങുന്നതായി സൂചന. ഇതാണ് സ്ഥിതിയെങ്കിൽ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് പത്മകുമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതായിട്ടാണ് സൂചന. ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കും.
സുപ്രീംകോടതിയിലെടുത്ത നിലപാടിനെ ചൊല്ലി ദേവസ്വം ബോര്‍ഡിലും ഭിന്നത രൂക്ഷമാണ്. പ്രസിഡന്റ് ഒരു ഭാഗത്തും അംഗങ്ങളും കമ്മിഷണറും മറുഭാഗത്തുമായി നിലയുറപ്പിച്ചതോടെ ബോര്‍ഡ് കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പ്രസിഡന്റിന്റെ ആരോപണം.
സുപ്രീംകോടതിയില്‍ ബോര്‍ഡിന്റെ നിലപാടുമാറ്റം താന്‍പോലും അറിഞ്ഞില്ലായെന്ന പരിഭവം പദ്മകുമാറിനുണ്ട്. ദേവസ്വം കമ്മീഷണര്‍ എന്‍. വാസു ഡല്‍ഹിയില്‍ അഭിഭാഷകര്ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. ഇക്കാരണത്താല്‍ സംസ്ഥാന സര്‍ക്കാരിന് അനുരോധമായ നിലപാടാണ് ദേവസ്വംബോര്‍ഡ് ഇക്കുറി സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ദേവസ്വം കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് പത്മകുമാര്‍.
ഈ സാഹചര്യത്തിലാണ് കമ്മീഷണര്‍ എന്‍ വാസു എ കെ ജി സെന്ററില്‍ നേരിട്ടെത്തി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകളായിരുന്നു തുടക്കംമുതലേ പദ്മകുമാര്‍ സ്വീകരിച്ചുവന്നത്. ഇതില്‍ ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിയുടെ വിവിധഘടകങ്ങളില്‍ ഉയര്‍ന്നു വന്നത്. പദ്മകുമാര്‍ ആര് എസ് എസുകാരനെപ്പോലെ പെരുമാറുന്നുവെന്ന് വിവിധ ജില്ലാകമ്മിറ്റികള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഫ്യഡല്‍ മനസ്സോടെയാണ് കമ്മീഷണറോടും മറ്റ് കമ്മീഷന് അംഗങ്ങളോടും പെരുമാറുന്നത് എന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതിനു മറുപടി പറയേണ്ടുന്ന ദുരവസ്ഥയില്‍ സംസ്ഥാന നേതൃത്വം പലപ്പോഴും കുഴങ്ങിയിട്ടുണ്ട്.
സി പി എം പത്തനംതിട്ട ജില്ലാസെക്രട്ടറിയേറ്റ് അംഗമായ പത്മകുമാറിന്റെ നിലപാടില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത അമര്‍ഷമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടിടപെട്ട് പത്മകുമാറിനെ തിരുത്തിയിട്ടുണ്ട്. പലപ്പോഴും ശകാരിച്ചിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ സമവാക്യമനുസരിച്ച് ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന പദ്മകുമാറാണ് വി എസിനെടൊപ്പം അവസാനം വരെ നിലകൊണ്ട പത്തനംതിട്ട ജില്ലയെ കടകംമറിച്ച് പിണറായി പക്ഷത്ത് എത്തിച്ചത്. ഇക്കാരണംകൊണ്ട് പദ്മകുമാറിന് വിലപേശല്‍ശക്തി കൂടുതലാണ്.
അതുകൊണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ പാര്‍ട്ടിക്ക് പരിമിതികളുണ്ട്. എന്നാല്‍ പൊരുത്തക്കേടുകളുമായി മുന്നോട്ടുപോകുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പാര്‍ട്ടിയും പദ്മകുമാറും കാണുന്നത്.






