
തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് ഖാദി ബോര്‍ഡ്. മോഹന്‍ ലാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് നോക്കിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഖാദി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ചര്‍ക്ക ഉപയോഗിച്ചുള്ള പരസ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് കത്താണ് കൈമാറിയത്. പരസ്യം ചിത്രീകരണം നടത്തിയ വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചത്. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്നൂക്കുന്നതായണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മോഹന്‍ലാലിന് ബോര്‍ഡ് കത്ത് കൈമാറിയത്.
പൊതുജനമധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജിനെതിരെ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചത്. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭനാ ജോര്‍ജ്ജ് മാപ്പുപറയണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്കാന് തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹന്‍ലാല്‍ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത്.
ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോര്‍ഡ് നോട്ടീസയച്ചത്. ഇക്കാര്യം അന്ന് സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പൊതുവേദിയില്‍ പരസ്യമായി പറയുകയും ചെയ്തു. ഇത് പിന്നീട് മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.
മോഹന്‍ലാലിനെ പോലൊരു നടന് ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചര്‍ക്ക നൂല്ക്കുന്ന പരസ്യം പിന്‍വലിക്കാന്‍ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായി. എന്നാല്‍ ശോഭനയുടെ പരാമര്‍ശങ്ങള്‍ തനിക്ക് ഇത് വ്യക്തിപരമായി വലിയ അപമാനമായെന്ന വികാരമാണ് മോഹന്‍ലാലിനുള്ളത്. ഇതാണ് നിയമനടപടികളിലേക്ക് കടക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനയ്ക്കും ഖാദി ബോര്‍ഡിനും അയച്ച വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാലിന്റെ ആവശ്യം. തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോര്‍ജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞു. എന്നാല്‍ അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുന്‍പാണ് ശോഭനാ ജോര്‍ജ് ഈ വിഷയം പൊതുവേദിയില്‍ ഉന്നയിച്ചത്. തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാല്‍ പറയുന്നു.






