
തനിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന് അലന്‍സിയര്‍. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ദിവ്യ ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് അലന്‍സിയര്‍ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം.
എന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറയുന്നു.
ആദ്യം ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെയായിരുന്നു ദിവ്യ അലന്‍സിയറിനെതിരെ രംഗത്തെത്തിയിരുന്നത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിനു ശേഷം ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന 'അമ്മ'യ്ക്ക് പരാതി നല്‍കുകയും ചെയ്തു.






