
അപ്രീലിയ ബ്രാന്‍ഡിലുള്ള ആദ്യ 150 സിസി മോട്ടോര്‍സൈക്കിള്‍ 2020 ല്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഇതേതുടര്‍ന്ന് മൂന്ന് മോഡലുകള്‍ കൂടി പുറത്തിറക്കുമെന്ന് പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഡീഗോ ഗ്രാഫി പറഞ്ഞു.
ഇതോടേ ഇന്ത്യയിലെ 125-150 സിസി സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ പിയാജിയോ പ്രവേശിക്കുകയാണ്.ടിവിഎസ്, ബജാജ്-കെടിഎം, യമഹ തുടങ്ങിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായി മല്‍സരിക്കാന്‍ അപ്രീലിയ ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
വരുന്ന 12-15 മാസങ്ങള്‍ക്കുള്ളില്‍ 150 സിസി ബൈക്കിന്റെ ഉല്‍പ്പാദനം ആരംഭിക്കുമെന്നും അപ്രീലിയ ബ്രാന്‍ഡില്‍ നാല് 125-150 സിസി മോട്ടോര്‍ബൈക്കുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്രീലിയ ആര്‍എസ് 150, അപ്രീലിയ ടൂണോ 150 (യഥാക്രമം സ്പോര്‍ട്സ് ബൈക്ക്, സ്ട്രീറ്റ് ബൈക്ക്) എന്നീ കണ്‍സെപ്റ്റുകൾ 2018 ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലേക്കുള്ള മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയെന്ന് ഗ്രാഫി അറിയിച്ചു.
800-1200 സിസികള്ക്കിടയില് വരുന്ന അര ഡസനോളം ബിഗ് ബൈക്ക് മോഡലുകളാണ് നിലവില്‍ പിയാജിയോ ഇന്ത്യയില്‍ വില്‍ക്കുന്നത്. 80,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വിലകളില്‍ 125-250 സിസി വിപണിയില്‍ പുതിയ ബൈക്കുകള്‍ അവതരിപ്പിക്കുകയാണ് പിയാജിയോയുടെ ലക്ഷ്യം.






