
ഹോണ്ടയുടെ പുതിയ മിഡില്‍വെയ്റ്റ് സ്പോര്‍ട്സ് മോട്ടോര്‍സൈക്കിളായ സിബിആര്‍650ആര് മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. ആഗോളതലത്തിലും ഇന്ത്യയിലും ഹോണ്ട സിബിആര്‍650എഫ് മോഡലിന് പകരമാണ് സിബിആര്‍650ആര് വരുന്നത്.ഹോണ്ടയുടെ വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ 15,000 രൂപ നല്കി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. എട്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും എക്സ് ഷോറൂം വിലയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ വ്യക്തമാക്കി.
ഗ്രാന്‍ഡ് പ്രിക്സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് നിറങ്ങളില്‍ ഹോണ്ട സിബിആര്‍650ആര് ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഹോണ്ട സിബിആര്‍650ആര് അനാവരണം ചെയ്തത്. 650 പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയ കൂടുതല്‍ ട്രാക്ക് ഫോക്കസ്ഡ് മോട്ടോര്‍സൈക്കിളാണ് സിബിആര്‍650ആര്. കാവസാക്കി നിഞ്ച 650, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എസ്, സുസുകി ജിഎസ്എക്സ്-എസ്750 തുടങ്ങിയ മോഡലുകളുമായി കൊമ്പുകോര്‍ക്കും.
പുതിയ ഷാസി, ഇന്ധന ടാങ്ക്, ഫൂട്ട് റെസ്റ്റ് എന്നിവ നല്‍കിയതോടെ ബൈക്കിന്റെ ഭാരം മുന്‍ഗാമിയായ സിബിആര്‍650എഫ് മോഡലിനേക്കാള്‍ ആറ് കിലോഗ്രാം കുറഞ്ഞു. ഇരട്ട എല്‍ഇഡി ഹെഡ്ലാംപുകള്, ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ നല്കി. ഇപ്പോള്‍ 30 എംഎം മുന്നിലേക്ക് നല്കിയിരിക്കുന്നു. ഫൂട്ട്പെഗുകള്‍ 3 എംഎം പിന്നിലേക്കും 6 എംഎം ഉയരത്തിലുമായി റീപൊസിഷന്‍ ചെയ്തു. 810 മില്ലി മീറ്ററാണ് സീറ്റ് ഉയരം. ഡുവല്‍ ചാനല്‍ എബിഎസ് അടിസ്ഥാന സുരക്ഷാ ഫീച്ചറായി നല്കുന്നു.
റീവര്‍ക്ക് ചെയ്ത 649 സിസി, ലിക്വിഡ് കൂള്‍ഡ്, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്ജിന് ആണ് ലഭിക്കുന്നത്. 12,000 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. മോട്ടോര്‍ ഇപ്പോള്‍ 1,000 ആര്‍പിഎം അധികം കറങ്ങും. പരമാവധി കരുത്ത് അഞ്ച് ശതമാനം വര്‍ധിച്ചു. 8,500 ആര്‍പിഎമ്മില്‍ ഇപ്പോള്‍ 64 എന്‍എം ടോര്‍ക്ക് ലഭിക്കും. 6 സ്പീഡ് ഗിയര്‍ബോക്സ് തുടരും.






