
കണ്ണൂര്: ടി. പി. ചന്ദ്രശേഖരന് കേസ് പ്രതി മുഹമ്മദ് ഷാഫി അടിയന്തിര പരോളില് ഇറങ്ങി യുവതികള്ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള് പുറത്ത്. അസുഖബാധിതനെന്ന് പറഞ്ഞ് 45 ദിവസത്തെ അടിയന്തിര പരോളിലാണ് ഇയാള് വിയ്യൂര് സെന്ട്രല് ജയിലില് നിന്ന് പുറത്തിറങ്ങിയത്. നാദാപുരത്തെ ഷിബിന് രക്തസാക്ഷി ദിനാചരണത്തില് പാര്ട്ടി പ്രവര്ത്തകര്ക്കൊപ്പം ഷാഫി നില്ക്കുന്ന ചിത്രങ്ങള് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ആടിപ്പാടുന്ന ദൃശ്യങ്ങള് പുറത്തായത്.
ജീവപര്യന്തം തടവുകാരനാണ് മുഹമ്മദ് ഷാഫി. ഇയാള്ക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടിസുനിക്കും പരോള് അനുവദിച്ചിരുന്നു. രണ്ടാം പ്രതിയായ കിര്മ്മാണി മനോജ് കഴിഞ്ഞ തവണ പരോളില് ഇറങ്ങി രണ്ടു കുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. കിര്മ്മാണിക്കും 45 ദിവസത്തെ അടിയന്തിര പരോള് അനുവദിച്ചിട്ടുണ്ട്.
അടുത്തിടെ ടിപി കേസിലെ 13-ാം പ്രതിയായ പി.കെ. കുഞ്ഞനന്തന് വഴിവിട്ട് പരോള് അനുവദിക്കുന്നതിനെ ഹൈക്കോടതി അതിരൂക്ഷമായി വിമര്ശിച്ചിരുന്നു. ടിപി. വധക്കേസ് പ്രതികള്ക്ക് സിപിഎം വഴിവിട്ട സഹായങ്ങള് ഒരുക്കുന്നതായി ആക്ഷേപം ഉയര്ന്നിരുന്നു.
കടപ്പാട്: തേജസ് ന്യൂസ്







Comments