
ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് പതിപ്പ് വിപണിയില്‍ പുറത്തിറങ്ങി. ബൈക്കിന്റെ വില 78,815 രൂപയാണ്. എബിഎസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 6,500 രൂപയോളം യുണീക്കോണ്‍ 150 എബിസ് മോഡലിന് വില കൂടുതലാണ്. പുതിയ മോഡലിന്റെ വിതരണം ഡീലര്‍ഷിപ്പുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ലാളിത്യമാര്‍ന്ന ഡിസൈന്‍ ശൈലി ഹോണ്ട CB യുണീക്കോണ്‍ 150 മോഡലിന്റെ പ്രധാന വിശേഷമാവുന്നു. ശ്രേണിയില്‍ മറ്റു മോഡലുകളെപോലെ സങ്കീര്‍ണമായി ഗ്രാഫിക്സൊന്നുംതന്നെ ഹോണ്ട ബൈക്കിലില്ല. നിലവില്‍ 150 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഹോണ്ട CB യുണീക്കോണ്‍ 150 -യ്ക്ക് പ്രചാരമേറെയാണ്. സില്‍വര്‍, റെഡ്, ബ്ലാക്ക് നിറപ്പതിപ്പുകളില്‍ മോഡല്‍ വിപണിയില്‍ ലഭ്യമാണ്.
ബൈക്കിലെ 150 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 12.7 bhp കരുത്തും 12.8 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറും യുണീക്കോണില് സസ്പെന്ഷന് നിറവേറ്റും. പുതിയ എബിഎസ് പതിപ്പ് വന്നെങ്കിലും എബിഎസില്ലാത്ത യുണീക്കോണ്‍ 150 മോഡല്‍ ഷോറൂമുകളില്‍ വില്‍പ്പനയില്‍ തുടരുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഏപ്രില്‍ മുതല്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നതോടെ എബിഎസില്ലാത്ത മോഡല്‍ നിരയില്‍ നിന്നും അപ്രത്യക്ഷമാവും.






