
ന്യൂഡല്‍ഹി: ശത്രുസൈന്യത്തിന് നടുവില്‍ പോലും രാജ്യസ്നേഹത്താല്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്ന ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ദ്ധമാന്റെ ധീരതയാണ് ഇപ്പോള്‍ ഇന്ത്യയിലെയും പാകിസ്താനിലെയും പ്രധാന ചര്‍ച്ച. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്റര്‍ അഭിനന്ദന് ഈ ശൗര്യവും ധൈര്യവും പാരമ്പര്യമായി കിട്ടിയത്. വംശീയ കലാപത്തിന്റെ രൂക്ഷത പേറിയ രാജ്യങ്ങളില്‍ സേവന സന്നദ്ധമായ മനുഷ്യത്വത്തിന്റെ മുഖമായി മാറിയ മാതാവ് ഡോ. ശോഭാ വര്‍ദ്ധമാന്റെ ധൈര്യമാണ് അഭിനന്ദന് വര്‍ദ്ധമാനും കിട്ടിയിരിക്കുന്നത്.
വംശീയ കലാപങ്ങളുടെ ഭൂമികയായ ആഫ്രിക്കയിലെ ലൈബീരിയ, ഐവറി കോസ്റ്റ, പാപുവാ ന്യൂഗിനിയ, ഹെയ്തി, ലാവോസ് എന്നീ രാജ്യങ്ങളിലും യുദ്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ ഇറാഖിലും ഇറാനിലും മരണത്തെയൂം സ്ഫോടനങ്ങളെയും ചോരപ്പുഴയെയും മനോധൈര്യത്തല് നേരിട്ട ശോഭാ വര്‍ദ്ധനില്‍ നിന്നും ധൈര്യവും ശൗര്യവും അതേപടി അഭിനന്ദനും കിട്ടി. ലോകത്തുടനീളമുള്ള യുദ്ധഭൂമികകളില്‍ നിന്നും വിങ്ങിക്കരഞ്ഞ അനേകം മനുഷ്യരുടെയും അമ്മമാരുടെയും നവജാതശിശുക്കളുടെയും പുഞ്ചിരിയാണ് ശോഭ ഏറ്റുവാങ്ങിയിട്ടുള്ളത്.
മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദവും ഇംഗ്ളണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജനില്‍ നിന്നും അനസ്തീഷ്യോളജിയില്‍ ബിരുദാനന്ദ ബിരുദം നേടുകയും ചെയ്ത ഡോ. ശോഭ മെഡിസിന് സാന്‍സ് ഫ്രണ്ടയേഴ്സി (ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍) ന്റെ അംഗം എന്ന നിലയിലാണ് ലോക വേദിയില്‍ സേവന സന്നദ്ധമായത്. എംഎസ്എഫുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് അവരെ കലാപ ഭൂമികളിലേക്ക് എത്തിച്ചത്. എകെ 47 തോക്കുകളും വടിവാളുകളും നിയമം നടത്തിയിരുന്ന ഐവറി കോസ്റ്റിന്റെ വടക്കന്‍ പ്രവിശ്യകളില്‍ 2005 ല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാക്കി.
അടുത്ത നിയോഗം അതേ വര്‍ഷം തന്നെ ആഭ്യന്തരകലാപം നടന്ന ലൈബീരിയയില്‍ ആയിരുന്നു. ഐക്യരാഷ്ട്ര സഭ ഇടപെട്ട് സമാധാനശ്രമങ്ങള്‍ നടത്തിയതിന്റെ ഭാഗമായി ഒരു വലിയ സംഘം ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെയുണ്ടായിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന സമയത്തായിരുന്നു ഡോ. ശോഭയുടെ പ്രവര്‍ത്തനങ്ങള്‍. ഇവിടെ നിന്നും പോയത് പെട്രോളിയം ഖനികളും കലാപങ്ങളും ധാരാളമുള്ള നൈജീരിയയുടെ വടക്കന്‍ ഭാഗങ്ങളിലേക്കായിരുന്നു. ഗ്രാമീണരും എണ്ണക്കമ്പനികളും തമ്മിലും വിവിധ ഗോത്രവര്‍ഗ്ഗക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലും പെട്രോള്‍ മോഷണവുമെല്ലാം ഇവിടെ പതിവായിരുന്നു. ഈ സ്ഥലത്ത് അത്യാഹിത ചികിത്സയ്ക്കായി ഒരു തീയറ്റര്‍, ഒരു രക്തബാങ്ക്, ഒരു അത്യാസന്ന വിഭാഗം എന്നിവ ഡോ. ശോഭ ഒരുക്കി.
രണ്ടാം ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിലെ സുലേമാനിയയില് ആയിരുന്നു. ചാവേറാക്രമണങ്ങളും അതുമായി ബന്ധപ്പെട്ട പരിക്കുകളുമായിരുന്നു ഇവിടെ ശോഭ നേരിട്ട പ്രധാന അനുഭവം. ഇറാനില്‍ തന്റെ രോഗികളില്‍ പ്രാണായാമം വരെ ശോഭ പരീക്ഷിച്ചിരുന്നു. ഇവിടെ അവരെ അതിശയിപ്പിച്ച കാര്യം 11 വര്‍ഷം നടന്ന ഇറാന് ഇറാഖ് യുദ്ധത്തെ രണ്ടു രാജ്യങ്ങളിലെയും ജനത അതിജീവിച്ചതായിരുന്നു. നേതാക്കളുടെ തെറ്റായ തീരുമാനങ്ങളുടെ ഫലം അനുഭവിക്കേണ്ടി വന്നത് ജനതയായിരുന്നെന്ന് ഇവര്‍ മനസ്സിലാക്കി. മൈനകള്‍ക്ക് ഇരയായി ജീവിതം തന്നെ നഷ്ടമായ അനേകം ഇറാനിയന്‍ യുവാക്കളുടെ ധൈര്യം നേരിട്ടനുഭവിക്കാനും ശോഭയ്ക്ക് കഴിഞ്ഞു.
ഗള്‍ഫില്‍ നിന്നും പരിപൂര്‍ണ്ണമായും പുതിയ ചുറ്റുപാടുകള്‍ നിറഞ്ഞ പാപുവാ ന്യൂ ഗിനിയയിലേക്ക് 2009 ല്‍ ചീഫ് മെഡിക്കല്‍ കോര്ഡിനേറ്ററായിട്ടായിരുന്നു ഡോ. ശോഭ എത്തിയത്. മിന്നലാക്രമണങ്ങള്‍, ലൈംഗിക പീഡനങ്ങള്‍, എയ്ഡ്സ് എന്നിവയാണ് അവിടെ പ്രധാനമായും നേരിടേണ്ടി വന്ന വെലലുവിളികള്. പതിവായി ബലാത്സംഗത്തിന് ഇരയായുന്നതും ചികിത്സ കിട്ടാത്തതുമായി യുവതികള്‍. എയ്ഡ്സ് ബാധിതയായി ബുദ്ധിമുട്ടുന്നവര്‍ എന്നിവരെയെല്ലാം നേരിടേണ്ടി വന്നു.
തൂവല്കിരീടങ്ങളും ഇലകളും കച്ചികളും ആടയായി ധരിക്കുന്നവരും പന്നിക്കും ഭൂമിക്കും പെണ്ണിനും വേണ്ടി മനുഷ്യരെ വെട്ടിയരിയുന്ന ക്രൂരന്മാരായ ഗോത്രവര്‍ഗ്ഗക്കാര്‍ നിറഞ്ഞ പ്രദേശങ്ങളില്‍ പോലും പാപുവാ ന്യൂഗിനിയയില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. അവിടെ നിന്നും പിന്നീട് പോയത് ലാവോസിലേക്കായിരുന്നു. റോഡുകള്‍ ഉള്‍പ്പെടെ യാതൊരു വികസനവും എത്താത്ത ഇവിടെ പലയിടങ്ങളിലും ആശുപത്രികള്‍ പോലുമില്ല. ജോലിയുടെ ഭാഗമായി വടക്കന്‍ ഭാഗങ്ങളിലേക്ക് 1,800 കിലോമീറ്ററോളം വരെ നാലുചക്ര വാഹനത്തില്‍ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ ഡോ. ശോഭയ്ക്ക് നേരിടേണ്ടി വന്നത് ഹെയ്തിയില്‍ ആയിരുന്നു. 2010 ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ മൂന്ന് ലക്ഷം പേര്‍ക്കാണ് ഇവിടെ ജീവന് നഷ്ടമായത്. അത്രയൂം തന്നെ പരിക്കേറ്റവരും ഉണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന അനേകര്‍ക്കാണ് ശോഭ ഉള്‍പ്പെട്ട വൈദ്യസംഘം ശുശ്രൂഷയും കാരുണ്യവുമായി വെളിച്ചമായത്. ജോലി സ്ഥലത്ത് കാരുണ്യവതിയായ തിരക്കുപിടിച്ച ഡോക്ടറായിരിക്കുമ്പോള്‍ തന്നെ നല്ല അമ്മയുടേയും ഭാര്യയുടേയും റോളുകളും ഡോ. ശോഭ ഭംഗിയായി ചെയ്തിരുന്നു. ഒരിക്കല്‍ യുഎന്നിന്റെ ഭാഗമായി ട്രിനിഡാഡ് ആന്റ് ടുബാഗോയിലേക്ക് പോകാനുള്ള നിയോഗം അവര്‍ തള്ളി. പകരം നയതന്ത്ര പ്രതിനിധിയായി ഉന്നത സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം ഫ്രാന്‍സിലേക്ക് പോകാനുള്ള നിയോഗം ഏറ്റെടുത്തു.






