
ഇസ്ലാമാബാദ്: പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്ന വാദമുയര്‍ത്തി പാക്ക് സൈനിക മേധാവി. ജയ്ഷെ തലവന്‍ മസൂദ് അസ്ഹറുമായി ഇമ്രാന് സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നത് പരസ്യമായി പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മ്മൂദ് ഖുറേഷി സമ്മതിച്ചതിനു പിന്നാലെയാണ് പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഘൂര്‍ ജയ്ഷെ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
ജയ്ഷെ മുഹമ്മദ് പാക്കിസ്ഥാനില്‍ നിലനില്ക്കുന്നില്ല. യുഎസും പാക്കിസ്ഥാനും ചേര്‍ന്ന് ഇത് നിരോധിച്ചതാണ്.. പാക്ക് സേന വക്താവ് ആസിഫ് ഗഘൂര്‍ സിഎന്‍എന്നിനോട് വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജയ്ഷെ ആണെന്ന ഇന്ത്യന്‍ വാദം തള്ളിക്കൊണ്ട് ഇക്കാര്യം ജയ്ഷെയുമായി സംസാരിച്ചുവെന്നും എന്നാല്‍ അവര്‍ക്ക് അക്രമണവുമായി പങ്കില്ലെന്നുമാണ് വ്യക്തമാക്കിയത് എന്നായിരുന്നു ഖുറേഷി അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിനു മുമ്പ് ജയ്ഷെ തലവന്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്നും എന്നാല്‍ രോഗബാധിതനാണെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു.
മസൂദ് അസ്ഹറിന്റെ സഹോദരനേയും മകനേയും ഭീകര പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പാക്ക് ആഭ്യന്തര മന്ത്രാലയം ഇവരെ കരുതല്‍ തടങ്കലില്‍ ആക്കിയെന്ന വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. ഇതിന്റെ പിന്നാലെയാണ് പാക്ക് സൈനിക വക്താവിന്റെ പുതിയ വാദം.






