
തിരുവനന്തപുരം: തിരുവന്നതപുരം വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിന്റെ പൈലറ്റിനോട് ടാക്സി ഡ്രൈവര്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ വലിയതുറ പോലീസ് കേസെടുത്തു. വനിതാ ദിനത്തിലാണ് വനിതാ പൈലറ്റിന് ദുരനുഭവം ഉണ്ടായത്.
എയര്‍ ഇന്ത്യയിലെ സെക്കന്റ് പൈലറ്റാണ് പരാതിക്കാരി. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന ഡല്‍ഹി സ്വദേശിയായ വനിതാ പൈലറ്റിനാണ് അപമാനം നേരിട്ടത്. ഉടന്‍തന്നെ അവര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്കി. ഇതിനകം തന്നെ ടാക്സി ഡ്രൈവര്‍ കടന്നുകളഞ്ഞിരുന്നു.
പിന്നീട് പൈലറ്റ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഇമെയില്‍ വഴി പരാതി നല്കി. ഈ പരാതി എയര്‍പോര്‍ട്ട് അതോറിറ്റി വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. പൈലറ്റ് നേരിട്ട് എത്തി പരാതി നല്‍കണമെന്ന പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ എയര്‍ ഇന്ത്യയുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും ജീവനക്കാര്‍ക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നല്കി.
വളരെ മോശമായ പരാമര്‍ശമാണ് തനിക്കുനേരെയുണ്ടായതെന്ന് അവര്‍ പരാതിപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ പരാതിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഡ്രൈവറെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് അവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുടെ രജിസ്ട്രേഷന് ബുക്കും പരിശോധിച്ച് പ്രതിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ടാക്സി ഡ്രൈവര്‍മാരില്‍ ആരെങ്കിലുമാണോ പുറത്തുനിന്നുള്ള ടാക്സി ഡ്രൈവറാണോ എന്നും പരിശോധിക്കുന്നുണ്ട്. ദീര്‍ഘനാളായി പൈലറ്റായി ജോലി ചെയ്യുന്നയാളാണ് പരാതിക്കാരി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു വനിതാ പൈലറ്റ് ഇത്തരത്തില്‍ അപമാനിക്കപ്പെടുന്നത്.






