
മാർച്ച് 13 ന് റെഡ്മി നോട്ട് 7 ഫോണുകളുടെ രണ്ടാം ഘട്ട വിൽപന തുടങ്ങുമെന്ന് ഷവോമി. ആദ്യ ഘട്ട സെയിലിൽ ഫ്ലിപ്കാർട്ട്, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴി 2 ലക്ഷം ഫോണുകൾ വിറ്റഴിഞ്ഞതായാണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു റെഡ്മി നോട്ട് 7 ഫോണുകളുടെ ആദ്യ വിൽപന.
റെഡ്മി നോട്ട് 7 പ്രോ ആദ്യമായി വാങ്ങാനുളള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചത്. മാർച്ച് 13 രാത്രി 12 മുതൽ റെഡ്മി നോട്ട് 7 ന്റെ രണ്ടാം ഘട്ട വിൽപന തുടങ്ങുമെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ഫ്ലിപ്കാർട്ട്, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴിയായിരിക്കും വിൽപന.
9,999 രൂപയാണ് റെഡ്മി നോട്ട് 7 3ജിബി വേരിയന്റിന് വില. 4 ജിബി റാം വേരിയന്റിന് 11,999 രൂപയുമാണ് വില. റെഡ്മി നോട്ട് 7 പ്രോ 4ജിബി റാം വേരിയന്റിന് 13,999 രൂപയും 6 ജിബി റാം വേരിയന്റിന് 16,999 രൂപയുമാണ് വില.
രണ്ടു ഫോണുകൾക്കും 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 19.5:9 ആസ്പെക്റ്റ് റേഷ്യോ ഡിസ്പ്ലേയാണുളളത്. സെൽഫി ക്യാമറയ്ക്കായി മുൻഭാഗത്ത് വാട്ടർഡ്രോപ് സ്റ്റൈൽ നോച്ചുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ് റെഡ്മി നോട്ട് 7 ന് ശക്തി പകരുന്നത് .
റെഡ്മി നോട്ട് 7 നീല, കറുപ്പ്, ചുവപ്പ് നിറങ്ങളിലും റെഡ്മി നോട്ട് 7 പ്രോ നെപ്ട്യൂൺ ബ്ലൂ, നെബുല റെഡ്, സ്പെയ്സ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. രണ്ടു ഫോണിന്റെയും ബാറ്ററി 4000 എംഎഎച്ചാണ്.






