
ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഹോളിവുഡ് നായികമാരിലൊരാളാണ് ആഞ്ചലീന ജോളി. നടിയെന്നതിലുപരി മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് ഇവര്‍. ആഞ്ചലീന ജോളിയുടെയും ഭര്‍ത്താവ് ബ്രാഡ്പിറ്റിന്റെയും ജീവിതം അസൂയയോടെയാണ് ഏവരും കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം 2014-ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു.
ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിവാഹമോചനത്തിന്റെ കാരണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ആഞ്ചലീന ജോളി തയ്യാറായിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തന്റെ ദാമ്പത്യ തകര്‍ച്ചയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. '' ഇല്ല, ഒരിക്കലും ഒരു ബന്ധവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോലെ ലളിതമല്ല. ഞാനും ബ്രാഡും തമ്മില്‍ ഒരുപാടു കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാര്യങ്ങളില്‍പ്പോലും ആ അഭിപ്രായ വ്യത്യാസം പ്രകടമായതാണ് വിവാഹമോചനത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം.
ബ്രാഡിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യാപാനാസക്തിമൂലം ബ്രാഡിന് ഹോളിവുഡില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ബിസിനസ്സ് പ്രമോട്ട് ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന അസൂയയും അദ്ദേഹത്തിനുണ്ട്. എന്നിരുന്നാലും അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതു കൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ എനിക്ക് സാധിക്കില്ല'. - ആഞ്ചലീന പറയുന്നു.






