
2019 ക്വാത്രോപോര്‍ത്തെ പതിപ്പിനെ ഇറ്റാലിയന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മസെരാട്ടി ഇന്ത്യയില്‍ പുറത്തിറക്കി. മസെരാട്ടി ക്വാത്രോപോര്‍ത്തെ ഗ്രാന്‍ലൂസ്സോ മോഡല്‍ 1.74 കോടി രൂപ പ്രാരംഭ വിലയില്‍ വിപണിയില്‍ അണിനിരക്കും.
1.79 കോടി രൂപയാണ് ക്വാത്രോപോര്‍ത്തെ ഗ്രാന്‍സ്പോര്‍ട് മോഡലിന് വില. ഇന്ത്യയില്‍ ആസ്റ്റണ്‍ മാര്ട്ടിന് റാപ്പിഡ്, പോര്‍ഷ പനാമേര മോഡലുകളാണ് മസെരാട്ടി ക്വാത്രോപോര്‍ത്തെയുടെ എതിരാളികൾ.
ഓട്ടോ നോര്‍മല്‍, ഓട്ടോ സ്പോര്‍ട്, മാനുവല്‍ നോര്‍മല്‍, മാനുവല്‍ സ്പോര്‍ട്, ICE മോഡുകള്‍ ക്വാത്രോപോര്‍ത്തെയില്‍ തിരഞ്ഞെടുക്കാം. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ 6.4 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 252 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.
അഞ്ചു ഡ്രൈവിംഗ് മോഡുകളില്‍ കാറില്‍ ഒരുങ്ങുന്നു. കാറിലെ 3.0 ലിറ്റര്‍ V6 ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 4,000 rpm -ല്‍ 275 bhp കരുത്തും 2,600 rpm -ല്‍ 600 Nm ടോർക്കും പരമാവധി കുറിക്കാനാവും. എട്ടു സ്പീഡാണ് ZF നിര്‍മ്മിത ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് യൂണിറ്റ്.
2019 ക്വാത്രോപോര്‍ത്തെയ്ക്ക് പത്തു നിറങ്ങളാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ പുത്തന്‍ റോസോ പൊട്ടന്ഡെ, ബ്ലൂ നൊബൈല്‍ ട്രിപ്പിള്‍ കോട്ട് പെയിന്റ് സ്കീമുകള്‍ മോഡലിന് ലഭിക്കും. പുതിയ 8.4 ഇഞ്ച് വലുപ്പമുള്ള മസെരാട്ടി ടച്ച് കണ്ട്രോള് പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തിലെ മുഖ്യാകര്‍ഷണം.
ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ലഭ്യമാക്കും. കൂടാതെ, AUX, യുഎസ്ബി, SD കാര്‍ഡ് റീഡര്‍ സംവിധാനങ്ങളും കാറിലുണ്ട്. ഹര്മന് കര്ദ്ദോന് നിര്‍മ്മിത ഓഡിയോ സംവിധാനം പുതിയ ക്വാത്രോപോര്‍ത്തെയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.






