തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് പോയതില്‍ അത്ഭുതമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും പിണറായി പറഞ്ഞു.
രാജ്യത്ത് പലയിടത്തും ജനപ്രതിനിധികളടക്കം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറുകയാണ്. കോണ്‍ഗ്രസിന് ഇത് പുതുമയല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടന്നും ജനങ്ങള്‍ ഇത് മനസിലാക്കി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് ദിവസം മുമ്പ് വരെ കോണ്‍ഗ്രസ് വക്താവായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു കൊണ്ടിരുന്ന ടോം വടക്കന്‍ ഇന്ന് ഉച്ചയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയില്‍ ചേര്‍ന്ന വടക്കന്‍ തൃശൂരില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നുമാണ് വടക്കന്‍ അംഗത്വം സ്വീകരിച്ചത്. ബാലാകോട്ട് ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നുവെന്നാണ് വടക്കന്റെ വിശീദീകരണം.






