
ആപ്പിള്‍ തങ്ങളുടെ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി. മാര്‍ച്ച് 25-നാണ് ഇത് പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ നേരത്തെ തന്നെ പുറത്തിറക്കുകയായിരുന്നു.
ഐപാഡ് എയര്‍ 3 (10.5ഇഞ്ച്), ഐപാഡ് മിനി (7.9ഇഞ്ച്) എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ പുറത്തിറക്കിയ ഈ രണ്ട് ഐ പാഡ് മോഡലുകള്‍ക്കും ശക്തി പകരുന്നത് ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും കരുത്തുറ്റ പ്രോസസറായ എ12 ബയോണിക് ചിപ് ആണ്.
ഐഫോണ്‍ എക്സ്എസ് മാക്സ് തുടങ്ങിയ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് മികച്ച പ്രോസസിങ് ശേഷിയുണ്ട്. മികച്ച റെറ്റിന ഡിസ്പ്ലെയുള്ള ഇരു മോഡലുകള്‍ക്കും, പുരോഗമിച്ച മെഷീന് ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം, 3ഡി ഗെയ്മിങ് എന്നിവ പ്രതീക്ഷിക്കാം.
ഐപാഡ് മിനിയുടെ തുടക്ക മോഡലിന് 34,900 രൂപയായിരിക്കും വില. ഐപാഡ് എയറിന്റെ തുടക്ക മോഡലിന് 44,900 രൂപ നല്‍കേണ്ടി വരും. എല്‍ടിഇ ഉള്ള തുടക്ക മോഡലുകള്‍ക്ക് 10,000 രൂപയിലേറെ നല്‍കേണ്ടി വരും ആപ്പിള്‍ പെന്‍സില്‍ വേണമെങ്കില്‍ 8,500 രൂപ നല്‍കണം. സ്മാര്‍ട്ട് കീബോര്‍ഡിന് 13,900 രൂപയും നല്‍കണം.
10 മണിക്കൂര്‍ വരെ ഒരു ചാര്‍ജിങില്‍ പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 8എംപി പിന് ക്യാമറയും, 7എംപി മുന്‍ ക്യാമറയുമാണ് ഉള്ളത്. ഐഒഎസിലെ മികച്ച വിഭവങ്ങളെല്ലാം തന്നെ പുതിയ ഐപാഡുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഐഒഎസ് 13 സ്വീകരിക്കാന്‍ സജ്ജമാണ്. കൂടാതെ മുഴുവന്‍ ഐപാഡ് അനുഭവം നല്കുന്ന 10 ലക്ഷം ആപ്പുകള്‍ ഇപ്പോള്‍ ആപ് സ്റ്റോറില്‍ ലഭ്യമാണ്. അടുത്ത തലമുറ ഐവര്‍ക്ക് (iWork) അടുത്തയാഴ്ച എത്തുമെന്നും ആപ്പിള്‍ അറിയിച്ചു.






