
ഷാവോമിയുടെ എംഐ പേ ആപ്പ് അവതരിപ്പിച്ചു. ഓണ്‍ലൈന്‍ പണമിടപാടുകള്ക്കായാണ് ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നത്. യുണിഫൈഡ് പേമന്റ് ഇന്റര്‍ഫേയ്സ് അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷന്‍ എംഐ സ്റ്റോര്‍ ആപ്പില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പേടിഎം, ഗൂഗിള്‍ പേ പോലുള്ള പേമെന്റ് ആപ്ലിക്കേഷനുകളെല്ലാം യുപിഐ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഈ ആപ്പുകളെ പോലെ തന്നെയാണ് എംഐ പേ ആപ്പിന്റേയും പ്രവര്‍ത്തനം.
തുടക്കമെന്ന നിലയില്‍ എംഐ പേ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഷാവോമി മുന്നോട്ടുവെക്കുന്നുണ്ട്. പുറത്തിറക്കിയതിന് ശേഷം എംഐ പേ ആപ്പ് ഉപയോഗിക്കുന്നവരില്‍ നൂറ് ഭാഗ്യശാലികള്‍ക്ക് റെഡ്മി നോട്ട് 7 സ്മാര്‍ട്ഫോണും 50 പേര്‍ക്ക് 32 ഇഞ്ച് എംഐ എല്‍ഇഡി ടിവി 4എ പ്രോയും സൗജന്യമായി ലഭിക്കും. എംഐയുഐയില്‍ പ്രവര്‍ത്തിക്കുന്ന ഷാവോമി ഫോണുകളില്‍ മാത്രമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുക. എംഐ പേ ആപ്പിന് നാഷണല്‍ പേമെന്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്നും പണമിടപാടുകള്‍ സുരക്ഷിതമായിരിക്കുമെന്നും ഷാവോമി പറഞ്ഞു.
ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ് എംഐ പേ സേവനം നല്‍കുന്നത്. ഇന്ത്യന്‍ സെര്‍വറുകളില്‍ തന്നെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുകയെന്നും ചൈനയിലേക്ക് അയക്കില്ലെന്നും കമ്പനി വ്യക്തമാക്കി. വൈദ്യുതി ബില്‍, പാചക വാതകം, ടെലിഫോണ്‍, പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജ് എന്നിവ ഇതുവഴി സാധ്യമാവും. നിലവില്‍ അസം പവര്‍, ബെസ്റ്റ് മുംബൈ, ബിഎസ്ഇഎസ് രാജ്ധാനി, ബിഎസ്ഇഎസ് യമുന എന്നീ സ്ഥാപനങ്ങള്‍ എംഐ പേയുമായി സഹകരിക്കുന്നുണ്ട്.






