
കൊച്ചി : 'സ്ഫടികം' ഒന്നേയുള്ളൂ എന്നും അതിന് രണ്ടാം ഭാഗമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി സംവിധായകന് ഭദ്രന്. ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഭദ്രന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രതികരണം വന്നിരിക്കുന്നത്. സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റഫറന്‍സും സിനിമയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആടുതോമയുടെ മകന് 'ഇരുമ്പന്‍ സണ്ണി' എന്ന അവകാശ വാദവുമായി ആരും സിനിമ എടുക്കേണ്ടെന്നും ഭദ്രന് പറഞ്ഞു.
സ്ഫടികം 2 വുമായി മുന്നോട്ടുപോയാല്‍ നിയമ നടപടികളുമായി താന്‍ മുന്നോട്ട് പോകുമെന്നും ആടുതോമയെ വെച്ച് ആരും സിനിമ ഇറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ സ്ഫടികം 2 എന്ന് പേരിട്ട ചിത്രത്തിന്റെ ടീസര്‍ ഇന്നാണ് പുറത്തു വിട്ടത്. ആടുതോമയുടെ മകന് ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്നു എന്ന് പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു കെ. കട്ടക്കല്‍ ആണ്.
വ്യാപകമായ പ്രതിഷേധമാണ് ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ചിത്രം വേണമെങ്കില്‍ ഇറക്കിക്കൊള്ളു. പേര് മാറ്റണമെന്നും ഇത് ഇരുമ്പല്ല തുരുമ്പാണെന്നും കമന്റുകള്‍ വരുന്നുണ്ട്.






