
നാദിര്‍ഷ പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുതല്‍മുടക്കാന്‍ നിര്‍മ്മാതാക്കളെ തിരയുന്നു എന്ന പരസ്യം കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പരസ്യങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി നാദിര്‍ഷ തന്നെ രംഗത്തെത്തി. വ്യാപകമായി പ്രചരിക്കുന്ന പരസ്യത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഫേസ്ബുക്കില്‍ നാദിര്‍ഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള പ്രൊജക്ടില്‍ ആറുകോടി രൂപ മുടക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടാനാണ് പരസ്യം. ഒരു മൊബൈല്‍ നമ്പറും പരസ്യത്തോടൊപ്പമുണ്ട്. ഇത്തരം വഞ്ചകരുടെ വലയില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും വ്യാജ പ്രചരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടു കഴിഞ്ഞെന്നും നാദിര്‍ഷ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ തൊടുത്തുവിടുന്ന ഫ്രോഡുകളെ വിശ്വസിക്കരുതെന്നും നാദിര്‍ഷ മുന്നറിയിപ്പു നല്കുന്നു.
മേരാനാം ഷാജി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധാനത്തിരക്കുകളിലാണ് നാദിര്‍ഷയിപ്പോള്‍. ബിജുമേനോന്, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






