
മലയാള സിനിമയോട് വിടപറഞ്ഞിട്ട് 12 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന താരമാണ് ശ്രീവിദ്യ. മലയാള സിനിമയുടെ അപൂര്‍വ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി. ശ്രീവിദ്യയുടെ പേരുമായി ഏറ്റവുമധികം ചേര്‍ത്ത് വന്നിരുന്ന പ്രണയകഥകള്‍ നടന് കമലഹാസന്റേതായിരുന്നു.
എന്നാല്‍ കമലഹാസനല്ല ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ആത്മാര്‍ത്ഥമായി പ്രണയം തോന്നിയിട്ടുള്ളത് അത് മറ്റൊരാളോടാണെന്ന് തുറന്ന് പറയുകയാണ് അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍പോള്‍. സഫാരി ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ തുറന്നു പറച്ചില് നടത്തിയത്.'' ദേഹീദേഹങ്ങളെ ലയിപ്പിച്ചു കൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നു.
ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങള്‍ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവര്‍ഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും. ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങള്‍ക്കമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊര്‍ജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടു തന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീര്‍ന്നത്'' ജോണ്‍പോള്‍ പറയുന്നു.






