
ബ്രിട്ടണില്‍ നിന്നുള്ള നടിയും മോഡലുമായ ഹേസല്‍ കീച്ച് 2016-ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ വിവാഹം ചെയ്തത്. സല്മാന് ഖാന് നായകനായ ബോഡിഗാര്‍ഡിലെ ഉപനായിക വേഷത്തിലൂടെയാണ് ഹേസല്‍ കീച്ച് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ്ബോസ് 7-ലും പങ്കെടുത്ത ഹേസലിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ഒരു തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. സ്വന്തം അമ്മായിയമ്മ ഷബ്നം സിങ്ങിനോട് നന്ദി പറഞ്ഞു കൊണ്ടാണ്, താന്‍ ജീവിതത്തില്‍ അനുഭവച്ചിരുന്ന ഒരു ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തിയതായി ഹേസല്‍ പറയുന്നത്.
'' കുറേ നാളായി ഞാന്‍ അങ്ങനെ പോസ്റ്റ് ഒന്നും ഇടാറില്ല. നിങ്ങളില്‍ നിന്ന് ഒരു കാര്യം മറച്ചു വച്ചിരുന്നു. ഒരുമാസം മുന്‍പ് എന്റെ മൂക്കിന് ഒരു ചെറിയ ശസ്ത്രക്രിയ നടന്നിരുന്നു. വര്‍ഷങ്ങളായി മൂക്കില്‍ക്കൂടി ശ്വാസമെടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ അതൊരു ഗൗരവമുള്ള ആരോഗ്യപ്രശ്നമായി തോന്നാതിരുന്നതുകൊണ്ട് ആ പ്രശ്നത്തെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ ഞാന്‍ അംഗീകരിച്ചാണ് ഇത്രയും നാള് ഞാന്‍ കഴിഞ്ഞത്. എന്റെ ഭാഗ്യത്തിനാണ് അമ്മായിയമ്മയ്ക്ക് അലോസരമുണ്ടാക്കുന്ന ഒരു പ്രശ്നമായി അതു മാറിയത്. അങ്ങനെയാണ് അവരെന്നെ ആശുപത്രിയില്‍ കൊണ്ടുപോയത്. ആ ആശുപത്രിയാത്ര കാരണമാണ് ആന്തരീകമായി അതെത്രമാത്രം സങ്കീര്ണ്ണതയാണുണ്ടാക്കിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
എനിക്കൊരു പുതിയ മൂക്ക് സമ്മാനിച്ചതിന് അമ്മായിമ്മയോട് നന്ദി പറയുകയാണിപ്പോള്‍. കാരണം ജീവിതത്തില്‍ ആദ്യമായിട്ട് ആയാസമില്ലാതെ മൂക്കിലൂടെ ഞാന്‍ ശ്വാസമെടുത്തത് ആ ശസ്ത്രക്രിയയ്ക്ക് ശേഷമാണ്. ശസ്ത്രക്രിയ കഴിഞ്ഞ് അധിക ദിവസങ്ങള്‍ ആകാത്തതു കൊണ്ട് എനിക്ക് പഴയപോലെ ആക്റ്റീവാകാനും വ്യായാമം ചെയ്യാനുമൊന്നും കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ശരീരഭാരം കൂടിയിട്ടുമുണ്ട്. അതു കൊണ്ടാണ് കുറച്ചുകാലത്തേക്കെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചത്.'' - ഹേസല്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചിത്രവും ഹേസല്‍ കുറിപ്പിനോടൊപ്പം പങ്കുവച്ചു






