
ബജാജ് 2019 മോഡല്‍ ഡോമിനാര്‍ 400 പുറത്തിറങ്ങി. 1.74 ലക്ഷം രൂപയാണ് ഡോമിനാറിന്റെ എക്സ്ഷോറൂം വില. പുതിയ ഡൊമിനാറില് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ ടാങ്കിലെ സെക്കന്‍ഡറി ഡിസ്പ്ലേ സ്ക്രീനില്‍ ഇനി ഗിയര്‍ പോസിഷന്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ ദൃശ്യമാകും.
പുതുതായി ഉള്‍പ്പെടുത്തിയ ഗ്രീന്‍ നിറം വാഹനത്തെ സ്പോര്‍ട്ടിയാക്കും. ഓള് ബ്ലാക്ക് നിറത്തിലും 2019 ഡോമിനാര്‍ ലഭ്യമാകും.
8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഡോമിനാറിന് പരമാവധി വേഗത മണിക്കൂറില്‍ 175 കിലോമീറ്ററാണ്. ഇരട്ട ചാനല്‍ എബിഎസിനൊപ്പം മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സുരക്ഷയൊരുക്കും.
പഴയ ഡോമിനാറിലുള്ള SOHC എന്ജിന് പകരം 373.3 സിസി DOHC എന്‍ജിനാണ് 2019 ഡോമിനാറിന് കരുത്തേകുന്നത്. 39.9 എച്ച്പി പവറും 35 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. പഴയ മോഡലില്‍ 35 എച്ച്പി പവറാണ് ലഭിച്ചിരുന്നത്.
ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. സുഖപ്രദമായ യാത്ര ഒരുക്കുന്നതിനായി പിന്നില്‍ പുതിയ മോണോഷോക്ക് സസ്പെന്‍ഷനും മുന്നില്‍ സാധാരണ ടെലിസ്കോപിക് സസ്പെന്ഷന് പകരം അപ്സൈഡ് ഡൗണ്‍ സസ്പെന്‍ഷനുമുണ്ട്. കൂടുതല്‍ സ്പോര്‍ട്ടി ഭാവം കൈവരാന്‍ ട്വിന്‍ എക്സ്ഹോസ്റ്റൂമും ഡോമിനാറില്‍ നല്‍കിയിട്ടുണ്ട്.






