
പുതിയ 2019 ആഫ്രിക്ക ട്വിന്‍ മോഡലിനെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോഡലിന് 13.5 ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം വില.
ഗ്ലിന്റ് വെയ്വ് ബ്ലൂ മെറ്റാലിക് നിറപ്പതിപ്പിലായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ എത്തുക. കവാസക്കി വേഴ്സിസ് 1000, സുസുക്കി V -സ്റ്റോം, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 എന്നീ ബൈക്കുകളുമായിട്ടായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ മത്സരിക്കുക.
പുതിയ 2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ മോഡലിന്റെ ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ആദ്യ 50 ഉപഭോക്താക്കള്‍ക്ക് മാത്രമെ ബുക്കിംഗ് സൗകര്യം ലഭ്യമാവൂ.
കമ്പനിയുടെ പ്രീമിയം/ഫ്ളാഗ്ഷിപ്പ് ബൈക്കുകള്‍ വില്‍ക്കുന്ന വിങ് വേള്‍ഡ് ഔട്ട്ലെറ്റുകളിലായിരിക്കും ബുക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. രാജ്യത്തുടനീളമുള്ള 22 വിങ് വേള്‍ഡ് ഔട്ട്ലെറ്റുകളില് ബൈക്ക് ബുക്ക് ചെയ്യാം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രമെ ബൈക്ക് ലഭിക്കൂ.
ത്രോട്ടില്‍ ബൈ വെയര്‍, ഇന്‍ക്ലൈന്‍ ഡിറ്റക്ഷന്‍, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ഖ് കണ്ട്രോള് എന്നീ സംവിധാനങ്ങള്‍ ലഭ്യമാണ്. 2019 ആഫ്രിക്ക ട്വിന്‍ മോഡലിൽ ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, യൂസര്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് ഉള്ളത്.
ഇതിലെ 999.1 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ ലിക്വിഡ് കൂളിംഗ് എഞ്ചിൻ 7,500 rpm -ല്‍ 87.7 bhp കരുത്തും 6,000 rpm -ല്‍ 93.1 Nm ടോർക്കും സൃഷ്ടിക്കുന്നതാണ്.






