
കൃത്രിമ ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ ഈ വർഷം ജൂണ്‍ മാസത്തില്‍ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. റിവോള്‍ട്ട് മോട്ടോഴ്സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്. മൈക്രോമാക്സിന്റെ സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയാണ് റിവോള്‍ട്ട് മോട്ടോഴ്സിന്റെ സ്ഥാപകൻ.
ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഇറക്കുമതി ചെയ്യും. എംബെഡ്ഡഡ് 4ജി എല്‍ടിഇ സിം കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഉണ്ടായിരിക്കും. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാം. ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ബൈക്കിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായി പരിമിതപ്പെടുത്തും. കഴിഞ്ഞ രണ്ട് വര്‍ഷമായി എഐ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നതിന് കമ്പനിയുടെ സ്വന്തം ഗവേഷണ വികസന വിഭാഗം പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രവര്‍ത്തനം തുടങ്ങി ആദ്യ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടയക്ക വിപണി വിഹിതം നേടുകയാണ് റിവോള്‍ട്ട് മോട്ടോഴ്സിന്റെ ലക്ഷ്യം.
റിവോള്‍ട്ട് മോട്ടോഴ്സിന്റെ ആദ്യ വിപണി ഡെല്‍ഹി-എന്‍സിആര്‍ ആയിരിക്കും . ഡീലര്‍ഷിപ്പുകളും എക്സ്പീരിയന്‍സ് സെന്ററുകളും കൂടാതെ ഓണ്‍ലൈന്‍ വഴിയും മോട്ടോര്‍സൈക്കിള്‍ വില്‍ക്കും. രാഹുല്‍ ശര്‍മ്മയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ്.






