
ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ പരിഷ്കരിച്ചു. പരിഷ്കാരങ്ങള്‍ പ്രധാനമായും വാഹനങ്ങളുടെ ഉള്‍ഭാഗത്താണ് വരുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ മോഡലായ ഇന്നോവ ക്രിസ്റ്റ സ്വന്തം സെഗ്മെന്റിലെ മാര്‍ക്കറ്റ് ലീഡര്‍ കൂടിയാണ്.
മികച്ച രീതിയില്‍ ചൂട് പ്രതിരോധിക്കാന്‍ കഴിയുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയിലെ ഗ്ലാസ്. കൂടാതെ, അതിവേഗ ചാര്‍ജിംഗ് സാധ്യമാകുന്ന യുഎസ്ബി പോര്‍ട്ട് നല്കിയിരിക്കുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ ആനക്കൊമ്പുപോലെ വെളുത്ത നിറത്തിലുള്ള തുകല്‍ ഉപയോഗിച്ചുള്ള അപ്ഹോള്‍സ്റ്ററി ഇപ്പോള്‍ ഓപ്ഷനായി ലഭിക്കുന്നു.
കറുപ്പ്, ടാന്‍ നിറങ്ങളിലുള്ളതാണ് സ്റ്റാന്‍ഡേഡ് അപ്ഹോള്‍സ്റ്ററി. ചെറുദ്വാരങ്ങളോടുകൂടിയ ഈ തുകല്‍ ഉപയോഗിച്ചാണ് സീറ്റുകള്‍ പൊതിഞ്ഞിരിക്കുന്നത്. ഇതില്‍ 'ക്രിസ്റ്റ' ബാഡ്ജ് എഴുന്നുനില്ക്കുന്നു. ഐവറി ലെതര്‍ അപ്ഹോള്‍സ്റ്ററി ഓപ്ഷന് ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വേരിയന്റുകളില്‍ മാത്രമാണ് ഈ പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നത്. ടോപ് സ്പെക് ഇസഡ്എക്സ് എംടി, ഇസഡ്എക്സ് എടി വേരിയന്റുകളില്‍ മാത്രമേ ലഭിക്കൂ.
ഫോര്‍ച്യൂണറിന്റെയും ഡീസല്‍ വേരിയന്റുകളില്‍ മാത്രമാണ് പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നത്. 2019 ടൊയോട്ട ഫോര്‍ച്യൂണറിലെ ചെറുദ്വാരങ്ങളോടുകൂടിയ തുകല്‍ സീറ്റുകള്‍ക്ക് ഷാമി കളര്‍ ഓപ്ഷന് നല്കിയിരിക്കുന്നു. കൂടുതല്‍ മികച്ച രീതിയില്‍ ചൂട് പ്രതിരോധിക്കാന്‍ കഴിയുന്ന ഗ്ലാസ് കൂടി നല്കി.
മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. ഇന്നോവ ക്രിസ്റ്റ, ടൂറിംഗ് സ്പോര്‍ട് മോഡലുകള്‍ 2.4 ലിറ്റര്‍, 2.8 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. 5,200 ആര്‍പിഎമ്മില്‍ 144 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും 2.4 ലിറ്റര്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കും. എന്നാൽ, 2.8 ലിറ്റര്‍ എന്ജിന് 3,400 ആര്‍പിഎമ്മില്‍ 171 ബിഎച്ച്പി കരുത്തും 1,200-3,400 ആര്‍പിഎമ്മില്‍ 360 എന്‍എം ടോര്‍ക്കും നൽകും.






