
ഐപാഡ് അണ്‍ലോക്ക് ചെയ്യാന്‍ തുടര്‍ച്ചയായി തെറ്റായ പാസ്വേര്ഡ് നല്‍കിയത് നീണ്ട 48 വര്‍ഷത്തെ ലോക്കിലാണ് എത്തിയത്. വാഷിങ്ടണ്ണിലെ മാധ്യമപ്രവര്‍ത്തകനാണ് ഇത്തരമൊരു അനുഭവം നേരിട്ടത്. ഇദ്ദേഹത്തിന്റെ മൂന്നു വയസ്സുകാരന് മകന് ഐപാഡ് അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഇത്രയും നീണ്ട വര്‍ഷത്തെ ലോക്കിലേക്ക് ഐപാഡ് ചെന്നെത്തിയത്.
ഒന്നു മുതല്‍ അഞ്ചു തവണ വരെ തെറ്റായ പാസ്കോഡ് ഉപയോഗിച്ചാല്‍ ആദ്യ മുന്നറിയിപ്പു കിട്ടും. തുടര്‍ന്നും തെറ്റായ പാസ്കോഡ് ഉപയോഗിച്ചാല്‍ അടുത്ത അവസരത്തിനായി ഒരു മിനിറ്റ് കാത്തിരിക്കണം. വീണ്ടും തെറ്റിയാല്‍ അതായത് ഏഴാം തവണ ഫോണ്‍ 'ഡിസേബിള്‍' ചെയ്യും. തുടര്‍ന്ന് അഞ്ചുമിനിറ്റ് കാത്തിരുന്നാല്‍ എട്ടാം തവണയും ശ്രമിക്കാം. തെറ്റായ പാസ്വേര്ഡ് നല്‍കുന്നത് തുടര്‍ന്നാല്‍ അവസാനം 48 വര്‍ഷത്തേക്ക് ലോക്ക് ചെയ്യും.
തുടര്‍ച്ചയായി തെറ്റായ പാസ്വേര്ഡ് ഉപയോഗിച്ചതിനാല്‍ ഐഫോണും ഐപാഡും 25,536,442 മിനിറ്റ് നേരത്തേക്ക് ലോക്കാകും. ഇക്കാര്യം ആപ്പിളിന്റെ ഡിവൈസുകളെ പരിചയപ്പെടുത്തുന്ന രേഖകളില്‍ പറയുന്നുണ്ട്. അതേസമയം, ലോക്കായ ഐപാഡുകള്‍ ഫാക്ടറി റീസെറ്റ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. എന്നാല്‍ ഫാക്ടറി റീസെറ്റ് ചെയ്യുന്നതോടെ ഡേറ്റകളെല്ലാം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.






