
മുംബൈ: രാജസ്ഥാന് റോയല്‍സിനെതിരെ ഓപ്പണര്‍ ഡിക്കോക്ക് 'തോളിലേറി' മുംബൈ ഇന്ത്യന്‍സ് 188 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ തുടക്കമാണ് രോഹിത് ശര്‍മ്മ- ക്വിന്റണ്‍ ഡി കോക്ക് ഓപ്പണിങ് സഖ്യം നല്‍കിയത്. ടോസ് നഷ്ടമായി ആദ്യ ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 52 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സും സഹിതം 81 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെയും 32 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും മികവിലാണ് മുംബൈ ഇന്ത്യന്‍സ് മികച്ച സ്കോര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 38 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സുമായി നായകന് അജിങ്ക്യ രഹാനയും 16 റണ്‍സുമായി ജോസ് ബട്ട്ലറുമാണ് ക്രീസില്‍.
തകര്‍പ്പന്‍ തുടക്കം നല്കിയ ഓപ്പണിങ് കൂട്ടുകെട്ടിനെ ജോഫ്ര ആര്‍ച്ചര്‍ ബട്ട്ലറുടെ കൈകളിലെത്തിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 65 പന്തില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സൂര്യകുമാര്‍ യാദവ്( 16), കീറോണ്‍ പൊള്ളാര്‍ഡ്(6) ഇഷാന് കിഷന്(5) എന്നിവര്‍ പെട്ടെന്ന് മടങ്ങി. 28 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് നായകന് അജിങ്ക്യ രഹാനെ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് രാജസ്ഥാന് റോയല്‍സ് ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ ബെന്‍ സ്റ്റോക്സിനുൃ പകരം ലിയം ലിവിങ്സ്റ്റണും, റിയാന്‍ പരാഗിനു പകരം ഗൗതവും ടീമില്‍ എത്തി. ലിവിങ്സ്റ്റണിന്റെ ഐപിഎല്‍ അരങ്ങേറ്റ മത്സരമാണിത്. അതേസമയം മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയ്ക്കായി സിദ്ധേഷ് വഴിമാറി.
അവസാന മൂന്നു മത്സരങ്ങളും ജയിച്ച് എട്ടു പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്താണ് രാജസ്ഥാന് റോയല്‍സ്. സീസണില്‍ ഇതുവരെ ഒരു വിജയം മാത്രമാണ് രാജസ്ഥാന് റോയല്‍സിനെ തേടിയെത്തിയത്.





