
ഗൊരഖ്പുര്‍: ബലാത്സംഗശ്രമം ചെറുത്ത ദളിത് യുവതിയെ അക്രമി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിനടുത്തെ ഭട്നിയിലാണ് ക്രൂര സംഭവം ഉണ്ടായത്. യുവതിക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. യുവതിയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. എന്നാല്‍ പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാണെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. 35കാരിയായ വിധവയായ ദളിത് യുവതിയെ വീടിനടുത്തുള്ള കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി രാജ്ബര്‍ എന്നയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പീഡനത്തെ യുവതി ചെറുത്തു. ഇതോടെ യുവതിയെ തീകൊളുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. രാവിലെ കൃഷിയിടത്തിലെത്തിയ പ്രദേശവാസിയാണ് യുവതിയെ കണ്ടെത്തിയത്.






