
റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വിപണിയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന സംബന്ധിച്ച രേഖാചിത്രം പുറത്തുവിട്ടു. ഇ-ബൈക്ക് ജൂണ്‍ മാസത്തില്‍ വിപണിയിലെത്തും. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിളാണ് റിവോള്‍ട്ട് ആദ്യമായി പുറത്തിറക്കുന്നത്.
റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിൾ മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളേക്കാള്‍ വ്യത്യസ്തമായിരിക്കും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. റിവോള്‍ട്ട് ഇന്റലികോര്‍പ്പ് മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ്. റിവോള്‍ട്ട് മോട്ടോഴ്സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാം. ലിഥിയം അയണ്‍ ബാറ്ററി പാക്കായിരിക്കും മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത്. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ എംബെഡ്ഡഡ് 4ജി എല്‍ടിഇ സിം ഉണ്ടായിരിക്കും. ഇലക്ട്രിക് ബൈക്കിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായി പരിമിതപ്പെടുത്തും. ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഇറക്കുമതി ചെയ്യും.
ഏഴ് മാതൃകാ രൂപങ്ങള്‍ ഉണ്ടാക്കിയും ആറ് മാസമെടുത്തുമാണ് ഇപ്പോള്‍ കാണുന്ന ഡിസൈന്‍ സ്കെച്ച് സൃഷ്ടിച്ചതെന്ന് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ചീഫ് ഡിസൈനര്‍ ശിവം ശര്‍മ്മ പറഞ്ഞു. ആന്തരിക ദഹന എന്ജിന് മോട്ടോര്‍സൈക്കിളുകളുടെ പ്രകടനമികവും ഭംഗിയും ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് ഉണ്ടായിരിക്കുമെന്ന് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് അറിയിച്ചു.






