
ഫെയ്സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്ക് കമ്പനി ചിലവാക്കിയത് 2.26 കോടി ഡോളര്‍ (156 കോടി രൂപ) ആണെന്ന് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്ക് പുറത്തുവിട്ട ഒരു ഔദ്യോഗിക രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ദേഹം ശബളമായി വാങ്ങിയിരുന്നത് ഒരു ഡോളര്‍ (69 രൂപ ) മാത്രമാണെന്നാണ് മറ്റൊരു വസ്തുത. 2018-ലെ സുരക്ഷാ ചിലവാണ് 2.26 കോടി ഡോളര്‍. മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമുണ്ട് ഈ തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017- ല്‍ 90 ലക്ഷം ഡോളറായിരുന്നു (62 കോടി രൂപ ) സുരക്ഷയ്ക്ക് വേണ്ടി ചിലവാക്കിയിരുന്നത്. 2.26 കോടി ഡോളറില്‍ രണ്ട് കോടി ഡോളര്‍ ചിലവാക്കിയത് സക്കര്‍ബര്‍ഗിന്റേയും കുടുംബത്തിന്റേയും സുരക്ഷയ്ക്ക് വേണ്ടിയാണ്.
26 ലക്ഷം ഡോളര്‍ (18 കോടി രൂപ) ചിലവാക്കുന്നത് യാത്രയില്‍ സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനായാണ്. അതേസമയം, ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് കൈപ്പറ്റിയത്, 2.37 കോടി ഡോളറാണ് (164 കോടിരൂപ).






