
ജാഗ്വാറിന്റെ ഇലക്ട്രിക് ഐ-പേസ് അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. ഇന്ത്യന്‍ നിരത്തില്‍ ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ ആദ്യമെത്തിക്കുന്ന വാഹനമാണിത്. 2020-ന്റെ അവസാനത്തോടെ തന്നെ ജാഗ്വാറിന്റെ വാഹന നിരയിലെ എല്ലാ മോഡലുകളുടെയും ഇലക്ട്രിക് ബാറ്ററി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വൈദ്യുത വാഹനങ്ങളിലേക്ക് തിരിയാനുള്ള സര്‍ക്കാര്‍ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ജാഗ്വാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്. 2019 അവസാനത്തോടെ ഹൈബ്രിഡ് കാര്‍ എത്തിക്കുമെന്ന് ജാഗ്വാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഏത് വാഹനമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ജാഗ്വാറിന്റെ സിഗ്നേച്ചര്‍ ഗ്രില്ല് എല്‍ഇഡി ഹെഡ്ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സ്ലോപ്പിങ് ബോണറ്റ്, കര്‍വ്ഡ് റിയര്‍ സ്ക്രീന്‍ എന്നിവയടങ്ങുന്നതാണ് ഐ-പേസിന്റെ രൂപം.
400 പിഎസ് പവറും 696 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 90 കിലോവാട്ട് ലിതിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയും.
4.8 സെക്കന്റില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 200 കിലോമീറ്ററാണ്. സ്പീഡ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
യുറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഇലക്ട്രിക് കാര്‍ ഓഫ് ദ ഇയര്‍ തുടങ്ങിയ അവാര്‍ഡുകള്‍ നേടിയെടുത്ത ഇലക്ട്രിക് വാഹനമാണ് ജാഗ്വാറിന്റെ ഐ-പേസ്. നിലവില്‍ വിദേശ നിരത്തുകളിലുള്ള വാഹനമാണ് ഐ-പേസ്.






