
ഈ വര്‍ഷത്തെ ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ 2020 മോഡല്‍ മെഴ്സേഡസ് ബെന്‍സ് ജിഎല്‍എസ് അനാവരണം ചെയ്തു. കാര്‍ വാഷ് ഫംഗ്ഷന് പുതിയ ജിഎല്‍എസ് എസ്യുവിയുടെ സവിശേഷതയാണ്. മെഴ്സേഡസ് ബെന്‍സിന്റെ ഫ്ലാഗ്ഷിപ്പ് എസ്യുവിയാണ് ജിഎല്‍എസ്.
ബിഎംഡബ്ല്യു എക്സ്7 ആണ് പ്രധാന എതിരാളി. 2020 മെഴ്സേഡസ് ബെന്‍സ് ജിഎല്‍എസ് അടുത്ത വര്‍ഷമാദ്യം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഇത്തവണ രണ്ട് സ്വതന്ത്ര ക്യാപ്റ്റന്‍ സീറ്റുകള്‍ ആണ് മധ്യ നിരയില്‍ ബെഞ്ച് സീറ്റിന് പകരം നല്‍കിയിരിക്കുന്നത്.
6.2 അടി ഉയരമുള്ളവര്ക്കുപോലും മൂന്നാം നിര സീറ്റുകളില്‍ സുഖമായി ഇരിക്കാമെന്ന് മെഴ്സേഡസ് ബെന്‍സ് അറിയിച്ചു. നീളം 77 മില്ലി മീറ്ററും വീതി 22 മില്ലി മീറ്ററും വീല്‍ബേസ് 60 മില്ലി മീറ്ററും വര്‍ധിച്ചു. പുതിയ ജിഎല്‍എസ് എസ്യുവിയുടെ ഇപ്പോഴത്തെ ആകെ നീളം 5,207 എംഎം, വീതി 1,956 എംഎം എന്നിങ്ങനെയാണ്.
പുതിയ 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ 6, ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 2020 മെഴ്സേഡസ് ബെന്‍സ് ജിഎല്‍എസ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ വേരിയന്റ് കൂടി പുറത്തിറക്കും.
എംബിയുഎക്സ് സിസ്റ്റം (മെഴ്സേഡസ് ബെന്‍സ് യൂസര്‍ എക്സ്പീരിയന്‍സ്) നാല് സ്ക്രീനുകള്‍ ഉള്‍പ്പെടുന്നതാണ്.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് സ്ക്രീനുകളാണ് നല്‍കിയിരിക്കുന്നത്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്കായി 11.6 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്ക്രീനുകള്‍ സ്ഥാപിച്ചു. എല്ലാം ഡിജിറ്റല്‍ സ്ക്രീനുകളാണ്.






