
മുംബൈ: ഐപിഎല്‍ പൂരം ആവേശത്തിരയില്‍ വെടിക്കെട്ടുകള്‍ തീര്‍ക്കുമ്പോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ഐപിഎല്‍ ആവേശത്തിന്റെ നിറം കെടുത്താനെന്നവണ്ണം 'ലോകകപ്പ്' ഭീഷണിക്കു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് സംഘാടകര്‍. കാരണം മറ്റൊന്നുമല്ല, വിദേശ ടീമുകള്‍ ലോകകപ്പ് തയാറെടുപ്പുകള്‍ തുടങ്ങിയതിനാല്‍ പ്രമുഖ താരങ്ങള്‍ ടീമുകള്‍ വിടാനൊരുങ്ങുകയാണ്. വിദേശ താരങ്ങളുടെ അഭാവം ഐപിഎല്‍ ടീമുകളെ സാരമായി ബാധിക്കുമെന്നതിനാല്‍ കാണികളെ പിടിച്ചിരുത്താനും ടീമുകളുടെ മുന്നോട്ടുള്ള പ്രയാണത്തിനും പ്ലാന്‍ ബി പുറത്തെടുത്തേ മതിയാകൂ.
അടുത്ത മാസം ആദ്യത്തോടെ വിദേശ താരങ്ങള്‍ ലോകകപ്പ് തയാറെടുപ്പിനായി ടീമുകള്‍ വിടുമെന്നാണ് വിവരം. വിദേശ താരങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന് റോയല്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലചേഞ്ചഴ്സ് എന്നീ ടീമുകള്‍ക്ക് 'ലോകകപ്പ്' വെല്ലുവിളിയാകുമെന്ന് തീര്‍ച്ച.
2008 ല്‍ ഐപിഎല്‍ തുടങ്ങിയതിനു ശേഷം 2011 ലും 2015ലുമായി രണ്ടു തവണയാണ് ഏകദിന ലോകകപ്പ് നടന്നത്. ഈ രണ്ടു ലോകകപ്പുകളും ഐപിഎല്‍ സീസണിനു മുന്നോടിയായി നടന്നതിനാല്‍ ഐപിഎല്ലിനു ഒരു വെല്ലുവിളിയും ഉയര്‍ത്തിയിട്ടില്ല. ഇത് ആദ്യമായാണ് ഐപിഎല്ലിനു തൊട്ടു പിന്നാലെ ലോകകപ്പ് എത്തുന്നത്.
നിലവില്‍ ഇംണ്ട് താരങ്ങള്‍ ലോകകപ്പ് തയാറെടുപ്പുകള്‍ക്കായി അവധി എടുത്തു കഴിഞ്ഞു. ഓസ്ട്രേലിയന്‍ താരങ്ങളുടെ തയാറെടുപ്പ് ക്യാമ്പ് മെയ് രണ്ടിന് ബ്രിസ്ബെയ്നില്‍ തുടക്കം കുറിക്കുകയാണ്. ഏപ്രില്‍ 29 നു നടക്കുന്ന കിങ്സ് ഇലവന് പഞ്ചാബ്- ഹൈദരാബാദ് മത്സരത്തിനു പിന്നാലെ ഹൈദരാബാദിന്റെ ടോപ് സ്കോറര്‍ ആയ ഓസീസ് താരം ഡേവിഡ് വാര്‍ണറെ ടീമിനു നഷ്ടമാകും. 2016 ലെ ചാമ്പ്യന്മാര്ക്ക് വാര്‍ണര്‍ക്ക് പിന്നാലെ ജോണി ബെയര്‍സ്റ്റോവിനേയും നഷ്ടമാകും. റിസര്‍വ് ഓപ്പണറായ മാര്ട്ടിന് ഗുപ്റ്റില്‍ ഇതുവരെ ഒരു മത്സരവും കളിച്ചിട്ടില്ലാത്തിനാല് ഹൈദരാബാദിനു പ്രമുഖ താരങ്ങളുടെ അഭാവം വന്‍ തിരിച്ചടിയാകും.
ആര്‍സിബിയില്‍ നിന്ന് ഇംഗ്ലണ്ട് താരമായ മൊയിന്‍ അലി, ഓസീസ് താരം മാര്‍ക്സ് സ്റ്റോയിന്‍സ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്ന്, ടിം സൗത്തി എന്നീ താരങ്ങളെ ടീമിനു നഷ്ടമായേക്കും. എന്നാല്‍ ഡിവില്ലിയേഴ്സ് ടീമില്‍ തുടരുകയും ഷിംറോണ്‍ ഹെറ്റ്മെയറും കോളിന് ഡി ഗ്രാന്‍ഡ്ഹോമും തിരികെ എത്തുമെന്നാണ് ആര്‍സിബി പ്രതീക്ഷ.
രാജസ്ഥാന് റോയല്‍സിനും പ്രമുഖരായ താരങ്ങളെ നഷ്ടമാകും. കുട്ടി പിറന്നതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് താരമായ ജോസ് ബട്ലറിനെ നേരത്തെ തന്നെ ടീമിനു നഷ്ടമായിരുന്നു. സഹതാരങ്ങളായ ബെന്‍ സ്റ്റോക്സും ജോഫ്രാ ആര്‍ച്ചറും ടീമിനു നഷ്ടമാകുമെന്നാണ് സൂചന. ആര്‍ച്ചര്‍ നിലവില്‍ ഇംണ്ട് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചില്ലെങ്കിലും അതിനുള്ള സാധ്യതകള്‍ ഇതുവരെ തള്ളപ്പെട്ടിട്ടില്ല. രാജസ്ഥാന്റെ ഓസീസ് താരമായ സ്റ്റീവ് സ്മിത്തും അടുത്ത മൂന്ന് മത്സരങ്ങള്‍ കൂടെ മാത്രമേ ടീമിനൊപ്പം ഉണ്ടാകുകയുള്ളൂ. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, കെകെആര്‍, കിങ്സ് പഞ്ചാബ്എന്നീ ടീമുകള്‍ക്ക് കാര്യമായ തിരിച്ചടി ഉണ്ടാകാനിടയില്ല. സിഎസ്കെയ്ക്ക് ഫാഫ് ഡുപ്ലെസിസിനേലും ഇമ്രാന് താഹിറിനേയും മാത്രമേ ദക്ഷിണാഫ്രിക്ക ലോകകപ്പ് തയാറെടുപ്പ് ക്യാമ്പ് തുടങ്ങിയാല്‍ നഷ്ടമാകൂ. സിഎസ്കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ എന്നീ ടീുകള് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനത്തിലാണ് മുന്നേറുന്നത്. ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ അവസാനം വരെ തുടരാനുള്ള അനുമതി ബോര്‍ഡ് നല്‍കിയിട്ടുണ്ട്.






