
മാരുതി സുസുകി ഇന്ത്യ ബലേനോ മോഡലിന്റെ വില വര്‍ധിപ്പിച്ചു. ബലേനോ ഡീസല്‍ വേരിയന്റുകളുടെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൂടാതെ, പെര്‍ഫോമന്‍സ് പതിപ്പായ ബലേനോ ആര്‍എസ് വേരിയന്റിനും വില കൂടി. യഥാക്രമം 12,000 രൂപയും 20,000 രൂപയുമാണ് വര്‍ധിക്കുന്നത്.
ഇനി 6.74 ലക്ഷം രൂപ മുതലാണ് ബലേനോ ഡീസല്‍ വേരിയന്റുകള്‍ക്ക് ഡെല്‍ഹി എക്സ് ഷോറൂം വില. പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന ബലേനോ ആര്‍എസ് വേരിയന്റിന് 8.89 ലക്ഷം രൂപയാണ് പുതിയ വില.
ദിവസങ്ങള്‍ക്കുമുമ്പാണ് ബലേനോ പെട്രോള്‍ വേരിയന്റുകള്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ വിപണിയിലെത്തിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ഡീസല്‍ വേരിയന്റുകള്‍ക്കും ബലേനോ ആര്‍എസ് വേരിയന്റിനും വില വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.
73 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഫിയറ്റില്‍നിന്ന് വാങ്ങിയ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കുന്നു. സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഡിഡിഐഎസ് 225 ഡീസല്‍ എന്ജിന് അധികം വൈകാതെ ബലേനോയില്‍ നല്‍കും.
സിയാസിലാണ് ഈ മോട്ടോര്‍ അരങ്ങേറ്റം നടത്തിയത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ബലേനോ ആര്‍എസ് ഉപയോഗിക്കുന്നത്. മാരുതിയുടെ പുതിയ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്കിയതായിരുന്നു പ്രധാന മാറ്റങ്ങളിലൊന്ന്.
സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ) സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍.
പുതിയ ബലേനോയില്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട്, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായി നല്കി.






