മമതയ്ക്കെങ്ങനെയാണ് ഇത്ര കൃത്യമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കുര്‍ത്തയുടെ 'അളവ്' അറിയുന്നത്? ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ്
മമതയ്ക്കെങ്ങനെയാണ് ഇത്ര കൃത്യമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കുര്‍ത്തയുടെ 'അളവ്' അറിയുന്നത്? ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ്
Authored by Web Desk | Last updated: 27 Apr 2019, 3:17 PM | 1 min read
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കനത്ത പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍. തൃണമുല്‍ അധ്യക്ഷ മമതയ്ക്ക് എങ്ങനെയാണ് ഇത്ര കൃത്യമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കുര്‍ത്തയുടെ അളവ് അറിയുന്നത് എന്നാണ് രാജ് ബബ്ബഖര് ചോദ്യമുയര്‍ത്തിയത്. അക്ഷയ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ അഭിമുഖത്തില്‍ മമത ബാനര്‍ജി തനിക്ക് സമ്മാനമായി എല്ലാ വര്‍ഷവും കുര്‍ത്തകള്‍ അയച്ചു തരാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ് ബബ്ബാര്‍ പരിഹാസമുയര്ത്തിയിരിക്കുന്നത്.
'കോട്ടജ് ചീസ്' കൊണ്ട് തയാറാക്കുന്ന പ്രത്യേക തരം മധുര പലഹാരവും കുര്‍ത്തയുമാണ് പശ്ചിമ ബംഗാളില്‍ നിന്ന് ലോക പ്രശസ്തമായിട്ടുള്ളത്. പക്ഷെ ഈ നിമിഷം വരെ ഇവ രണ്ടും മമതാജി തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അയച്ചു തന്നിട്ടില്ല. ഇവ ഇവ സമ്മാനമായി നല്കണമെന്നുണ്ടെങ്കില് അത് അവര്‍ ഒരാള്‍ക്ക് മാത്രമാണ് അയയ്ക്കുന്നത്. ഇതില്‍ നിന്നും മനസിലാക്കാം അവര്‍ക്ക് ആ കുര്‍ത്തയുടെ അളവ് അറിയാമെന്നത്. നേരത്തെ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ നെഞ്ചളവ് 56 ഇഞ്ചാണോ എന്ന് ചോദ്യമുയര്‍ത്തിയത് രാജ് ബബ്ബാര്‍ കൊല്ക്കത്തയഇല് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രധാനമന്ത്രി മോഡിയുമായി നടന് അക്ഷയ് കുമാര്‍ 'രാഷ്ട്രീയത്തിനപ്പുറമുള്ള' അഭിമുഖം നടത്തിയത്. തനിക്ക് പ്രതിപക്ഷത്ത് മമത ബാനര്‍ജി ഉള്‍പ്പെടെ വളരെ അടുത്ത സുഹൃത്തുക്കളുണ്ടെന്ന് മോഡി വെളിപ്പെടുത്തിയിരുന്നു. തൃണമുല്‍ നേതാവിന്റെ ബിജെപി വിരുദ്ധ നിലപാട് ചോദ്യം ചെയ്തുകൊണ്ട്, മമത ബംഗാളില്‍ ബിജെപിയുട വളര്‍ച്ചയ്ക്ക് സഹായിക്കുകയാണെന്ന് രാജ് ബബ്ബാര്‍ ആരോപിച്ചു. ബിജെപിയും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.